ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിന് കളമൊരുക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹിയിലെത്തി. പ്രധാനപ്പെട്ട പ്രതിപക്ഷ നേതാക്കളുമായെല്ലാം മമത കൂടിക്കാഴ്ച നടത്തുന്നുണ്ട്. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, പട്ടേല്‍ സമരനായകന്‍ ഹാര്‍ദിക് പട്ടേല്‍, ടി.ആര്‍.എസ് നേതാവ് കെ.കെ കവിത, തുടങ്ങിയവരുമായി മമത ചര്‍ച്ച നടത്തിക്കഴിഞ്ഞു.

ആരോഗ്യകരമായ പ്രശ്‌നങ്ങളാല്‍ വിശ്രമിക്കുന്ന സോണിയയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് മമത പറഞ്ഞു. സോണിയാ ഗാന്ധി ആരോഗ്യം വീണ്ടെടുത്ത ശേഷം അവരുമായി സംസാരിക്കും. ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയ ബി.ജെ.പിയിലെ മോദി വിരുദ്ധരുമായി നാളെ ചര്‍ച്ച നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിരുദ്ധ മുന്നണി കെട്ടിപ്പൊക്കുകയെന്ന ശ്രമത്തിന്റെ ഭാഗമായാണ് മമത ഡല്‍ഹിയിലെത്തിയത്. ശരത് പവാര്‍ അടക്കമുള്ള നേതാക്കള്‍ നേരത്തെ മമതയുടെ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബി.എസ്.പി, എസ്.പി കക്ഷികള്‍ ചര്‍ച്ചക്ക് തയ്യാറായാല്‍ അവരുമായും സംസാരിക്കുമെന്നും മമത പറഞ്ഞു.