കൊച്ചി: മനോരമ ന്യൂസ് ചാനലിന്റെ 2016-ലെ ന്യൂസ്മേക്കര്‍ പുരസ്‌ക്കാരത്തിന് ചലചിത്രതാരം മോഹന്‍ലാല്‍ അര്‍ഹനായി. മനോരമ ചാനലിന്റെ അഭിപ്രായവോട്ടെടുപ്പില്‍ ഏറ്റവുമധികം വോട്ട് നേടിയാണ് മോഹന്‍ലാലിനെ ന്യൂസ്മേക്കറായി തിരഞ്ഞെടുത്തത്. എഴുത്തുകാരന്‍ എം മുകുന്ദനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്.

ന്യൂസ് മേക്കര്‍ പട്ടികയില്‍ അവസാന റൗണ്ടിലെത്തിയത് ധനമന്ത്രി ഡോ തോമസ് ഐസക്, ഹോക്കി താരം പി.ആര്‍ ശ്രീജേഷ്, ഒ രാജഗോപാല്‍ എംഎല്‍എ, മോഹന്‍ലാല്‍ എന്നിവരായിരുന്നു.

ഏറ്റവും ജനസ്വാധീനമുള്ള നടനാണ് മോഹന്‍ലാലെന്ന് എം മുകുന്ദന്‍ പറഞ്ഞു. മുപ്പത്തിയെട്ട് വര്‍ഷത്തെ അഭിനയ ജീവിതത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് കരുതുന്നതായി മോഹന്‍ലാല്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ്ബ് തോമസിനായിരുന്നു ന്യൂസ് മേക്കര്‍ പുരസ്‌ക്കാരം ലഭിച്ചത്.