Film

അമ്മയുടെ വിയോഗത്തില്‍ പങ്കുചേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

By sreenitha

January 02, 2026

കോഴിക്കോട്: തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ”എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയില്‍ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടര്‍ന്ന്, എന്റെ ദുഃഖത്തില്‍ നേരിട്ടും അല്ലാതെയും പങ്കുചേര്‍ന്ന എല്ലാ പ്രിയപ്പെട്ടവര്‍ക്കും ഹൃദയപൂര്‍വം നന്ദി അറിയിക്കുന്നു. വീട്ടിലെത്തിയും, ഫോണ്‍ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാര്‍ത്ഥന,” എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ചൊവ്വാഴ്ചയാണ് മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് പേര്‍ വീട്ടിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്‌മാന്‍ തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.