നാല് ദിവസമായി കൂരിയാട്ട് ചരിത്രം തീര്‍ത്ത മുജാഹിദ് ഒമ്പതാമത് സംസ്ഥാന സമ്മേളനത്തിനു ഉജ്വല സമാപ്തി. മതം, സഹിഷ്ണുത. സഹവര്‍ത്തിത്വം. സമാധാനം. എന്ന പ്രമേയത്തെ ആസ്പദമാക്കി ഗഹനമായ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും നിറപ്പകിട്ട് തീര്‍ത്ത സമ്മേളനം സൗഹാര്‍ദവും ഐക്യവും കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു. പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് സമ്മേളനം രചിച്ചത്. നവോത്ഥാനവീഥിയില്‍ തിളക്കമുറ്റിയ പാത സൃഷ്ടിച്ച മുജാഹിദ് പ്രസ്ഥാനത്തിന്റെ പുനരൈക്യത്തിനു ശേഷമുള്ള പ്രഥമ സമ്മേളനമായതിനാല്‍ സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച ജനപ്രവാഹമായിരുന്നു.

കൂരിയാട്ടെ വിശാലമായ വയലില്‍ നോക്കെത്താ ദൂരത്തോളം മനുഷ്യസാഗരം തീര്‍ത്തു. ദേശീയപാതയോരത്ത് ജനപ്രവാഹം അനുഭവപ്പെട്ടപ്പോഴും പരാതികളില്ലാതെ ഭംഗിയായി സമ്മേളനം നടന്നുവെന്നത് മാതൃകയായി. സദാ സേവനസന്നദ്ധരായ അയ്യായിരം വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനം ഏറെ പ്രശംസ പിടിച്ചുപറ്റി. സംഘാടക മികവ് സമ്മേളനത്തിനു കൂടുതല്‍ പ്രഭ പകര്‍ന്നു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആത്മീയ നിര്‍വൃതിയോടെയാണ് സലഫി നഗറിനോട് വിട പറഞ്ഞത്. എട്ട് വേദികളില്‍ എണ്‍പത് സെഷനുകളില്‍ 400 ഓളം പ്രബന്ധങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഇസ്‌ലാമിനെതിരെ ഗൂഢാലോചനകള്‍ വര്‍ധിച്ച കാലത്ത് ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സന്ദേശം വ്യാപകമാക്കേണ്ടതിന്റെ അനിവാര്യത സമ്മേളനം വരച്ചു കാട്ടി.

സമാപന സമ്മേളനം കെ.എന്‍.എം. പ്രസിഡന്റ്് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മുജാഹിദ് സംസ്ഥാന സമ്മേളനം പൊതുസമൂഹം ഏറ്റെടുത്തത് ചാരിതാര്‍ത്ഥ്യകരമാണെന്ന് മദനി പറഞ്ഞു. പരസ്പര വിശ്വാസവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരണം. തീവ്രവാദത്തിനും ഭീകരതക്കുമെതിരെ മതത്തിന്റെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. രാജ്യത്തിന്റെ പൊതു നന്മക്ക് ഭീഷണിയാവുന്ന നിലപാടുകള്‍ വിശ്വാസികളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ഭീകരതയും തീവ്രവാദവും മതത്തിന് അന്യമാണ്. ഇസ്‌ലാം ഏറ്റവും ശക്തമായി ഇത്തരം ചിന്താഗതികളെ എതിര്‍ക്കുന്നു. അമിത ആത്മീയതയുടെ പേരില്‍ മറ്റുള്ളവരെ ശത്രുപക്ഷത്ത് കാണുന്ന രീതി അപകടകരമാണെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു.

പത്മശ്രീ എം.എ. യൂസുഫലി മുഖ്യാതിഥിയായി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി., പി.വി. അബ്ദുല്‍ വഹാബ് എം.പി, സി. മുഹ്‌സിന്‍ എം.എല്‍.എ, എ.പി. അബുസ്സുബ്ഹാന്‍ മുഹ്‌യുദ്ദീന്‍ തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡന്‍് ഡോ. ഹുസൈന്‍ മടവൂര്‍ അധ്യക്ഷതവഹിച്ചു.മുഹമ്മദ് അശ്‌റഫ് ഒമാന്‍ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ഡോ. അന്‍വര്‍ അമീന്‍ കല്‍പകഞ്ചേരി, മദ്‌റസ അവാര്‍ഡ്ദാനം നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി. ഉണ്ണീന്‍കുട്ടി മൗലവി, കെ.എന്‍.എം. വൈസ് പ്രസിഡന്റ്് പി.കെ. അഹമ്മദ്, കെ.ജെ.യു സെക്രട്ടറി എം. മുഹമ്മദ് മദനി, സെക്രട്ടറിമായ എം. അബ്ദുറഹ്മാന്‍ സലഫി, എം. സ്വലാഹുദ്ദീന്‍ മദനി, എ. അസ്ഗറലി, ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ, ഐ.എസ്.എം. പ്രസിഡന്റ്് ഡോ. എ.ഐ. അബ്ദുല്‍മജീദ് സ്വലാഹി, എം.എസ്.എം. പ്രസിഡന്റ് ജലീല്‍ മാമാങ്കര പ്രസംഗിച്ചു. പൊയില്‍ അബ്ദുല്ല, എന്‍.കെ. മുഹമ്മദലി, വി.കെ. അഷ്‌റഫ്, ഡോ. അബ്ദുല്‍ മജീദ് ഫാറൂഖ് മൂസ, വി.കെ. സിറാജ്, സി.പി. കുഞ്ഞിമുഹമ്മദ്, കെ.എം. മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല പങ്കെടുത്തു.

രാവിലെ പ്രധാന പന്തലില്‍ വിദ്യാര്‍ഥി സമ്മേളനം, ജാമിഅ മില്ലിയ വൈസ് ചാന്‍സലര്‍ ഡോ. തലാത്ത് അഹമ്മദ് ഉദ്ഘാടനം ചെയ്തു. നൂര്‍ മുഹമ്മദ് സേഠ് അധ്യക്ഷതവഹിച്ചു. അഡ്വ. ടി. സിദ്ദീഖ്, വി.എസ്. ജോയ്, ടി.പി. അഷ്‌റഫലി, മിസ്അബ് കീഴരിയൂര്‍, എം.എസ്.എം. ജനറല്‍ സെക്രട്ടറി സിറാജ് ചേലേമ്പ്ര, ശുക്കൂര്‍ സ്വലാഹി, ജാസര്‍ രണ്ടത്താണി, റിഹാസ് പുലാമന്തോള്‍, ആദില്‍ അത്തീഫ്, ഹാസില്‍ മുട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശരീഅത്ത് സമ്മേളനത്തില്‍ മുഹ്‌യുദ്ദീന്‍കോയ മദീനി, അബ്ദുല്‍ അലി മദനി, അലി ശാക്കിര്‍ മുണ്ടേരി, അബ്ദുസ്സലാം പാലപ്പറ്റ, അലിഅക്ബര്‍ ഇരിവേറ്റി, മുഹമ്മദലി അന്‍സാരി, എന്‍.കെ. ത്വാഹ പ്രസംഗിച്ചു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി അധ്യക്ഷതവഹിച്ചു.

നിയമ സമ്മേളനം ജസ്റ്റിസ് അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. അബ്ദുസ്സത്താര്‍ പള്ളിപ്പാട് അധ്യക്ഷതവഹിച്ചു. അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ആലിക്കോയ, അഡ്വ. എം. മൊയ്തീന്‍കുട്ടി, അഡ്വ. അബ്ദുറഹ്മാന്‍, അഡ്വ. കെ. ഹനീഫ് പ്രസംഗിച്ചു.