തിരുവനന്തപുരം: കുമ്മനം രാജശേഖരും ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍ പിള്ളക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനത്തിന്റേത് വര്‍ഗീയതയാണ്. വര്‍ഗീയ ധ്രുവീകരണത്തിന്റെ ആളാണ് കുമ്മനം. മാറാട് കലാപവും നിലക്കല്‍ സമരവും കുമ്മനത്തിന്റെ വര്‍ഗീയതക്ക് തെളിവാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

മുസ്ലിങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. താഴേ തട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. നിരീക്ഷകരെ എല്ലാ കാലത്തും എ.ഐ.സി.സി നിയോഗിക്കാറുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.