ന്യൂഡല്‍ഹി: മുസ്ലിംലീഗിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് ജയിലിടക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. വര്‍ഗീയ പരാമര്‍ശം നടത്തിയ യോഗി ആദിത്യനാഥിനെതിരെ കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍. ചരിത്ര വിരുദ്ധവും സമുദായങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്നതുമായ പരാമര്‍ശമാണ് ബിജെപി നേതാക്കളില്‍ നിന്നുണ്ടായത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ പ്രകാരം കേസെടുക്കാവുന്ന പരാമര്‍ശമാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടന്നും സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ പറഞ്ഞു.

ഡല്‍ഹി ബിജെപി എംഎല്‍യും സാമൂഹ്യമാധ്യമങ്ങളിലെ സംഘപരിവാര്‍ ട്രോള്‍ ആര്‍മിയും ലീഗിനെ പാക്കിസ്താനോട് ഉപമിക്കുന്ന പോസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. ഇത് അംഗീരിക്കാനാവില്ല. സാമൂഹ്യമാധ്യമങ്ങളിലെ വര്‍ഗീയ പരമാര്‍ശങ്ങളുടെ തെളിവുകള്‍ അടക്കം തെരഞ്ഞടുപ്പ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ട്. വിഷയം പരിശോധിക്കാമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഉറപ്പ് നല്‍കിയതായും നേതാക്കള്‍ പറഞ്ഞു.

മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറംഅനീസ് ഉമര്‍, അഡ്വക്കറ്റ് ഹാരിസ് ബീരാന്‍, ഡല്‍ഹി കെഎംസിസി സെക്രട്ടറി മുഹമ്മദ് ഹലീം, ഡല്‍ഹി സംസ്ഥാന മുസ്ലിംലീഗ് സെക്രട്ടറി ഇംറാന്‍ ഐജാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.