കോഴിക്കോട്: കേന്ദ്രസര്‍ക്കാറിന്റെ ജവദ്രോഹനയങ്ങള്‍ക്കും ഫാഷിസ്റ്റ് സമീപനങ്ങള്‍ക്കുമെതിരെ ദളിത്-മുസ്‌ലിം-ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏക സിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രനീക്കത്തിനെതിരെ രാജ്യത്തെ മതേതര വിശ്വാസികള്‍ ഉണരണം. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന മതവിശ്വാസം അനുസരിച്ചും അല്ലാതെയും ജീവിക്കാന്‍ അവകാശം നല്‍കുന്നുണ്ട്. ഈ മൗലികാവകാശം ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.

രാജ്യത്ത് ദളിത് പിന്നാക്ക ന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ച് കൊണ്ടിരിക്കയാണ്. അവര്‍ രാഷ്ട്രീയമായ ഐക്യപ്പെടലിലൂടെ ജനാധിപത്യത്തില്‍ ഇടപെടണം. അവര്‍ക്ക് വേണ്ടിയുള്ള സമരങ്ങളേറ്റെടുക്കാന്‍ മുസ്‌ലിം ലീഗ് എന്നും തയ്യാറാണ്. ഈ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് യുവതലമുറയാണ്. നമ്മുടെ വിശ്വാസത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഏത് ഭരണകൂടത്തെയും നേരിടാന്‍ ആശയപരമായ അടിത്തറ നമുക്കുണ്ട്.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ഇന്ത്യാ രാജ്യം ലോകത്തിന് മുന്നില്‍ വളര്‍ച്ച പ്രാപിക്കുന്നതില്‍ നാമെല്ലാവരും അഭിമാനം കൊള്ളുന്നു. എന്നാല്‍, ഒരു രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും അത്യാവശ്യം ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാവലാണ്. പൗരന്‍മാര്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ രാജ്യത്ത് നിരാശ പടരും. ഇത് രാജ്യത്തിന്റെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ചയെ ഇല്ലാതാക്കും.

ഇപ്പോള്‍ രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ എല്ലാവരെയും ഭീതിപ്പെടുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ജനങ്ങളില്‍ ഭയം സൃഷ്ടിച്ച് കൊണ്ട് ഭരണം മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഏകാധിപതികളുടെ ചരിത്രം സാക്ഷിയാണ്. ഏകസിവില്‍കോഡ് നടപ്പിലാക്കാനുള്ള ബി.ജെ.പി യുടെ ശ്രമങ്ങള്‍ ഒരു പ്രത്യേക ജനവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണ്.
മുസ്‌ലിം സമുദായത്തിന്റെ ജിവിതത്തെ ക്രമപ്പെടുത്തുന്ന നിയമ സംഹിതയാണ് ഇസ്‌ലാമിക ശരീഅത്ത്. ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത ഇന്ത്യാ രാജ്യം എല്ലാവരുടെയും വിശ്വാസങ്ങളെ ഉള്‍ക്കൊള്ളാനാവുന്നതാണ്. അത് സംരക്ഷിക്കാനാണ് നമ്മുടെ പൂര്‍വ്വീകര്‍ സ്വാതന്ത്രൃം നേടിത്തന്നത്. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നു എന്നത് രാജ്യത്തിന് അഭിമാനമാണ്. ഈ രാജ്യത്ത് ജനിച്ചവരെല്ലാം രാജ്യത്തെ പൗരന്‍മാരാണ്. ജാതിയോ മതമോ വര്‍ണ്ണമോ നോക്കിയല്ല ദേശീയത തീരുമാനിക്കപ്പെടുന്നത്. രാജ്യത്തിന്റെ വളര്‍ച്ചക്ക് വേണ്ടി ഭരണകൂടമെടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കാന്‍ മുസ്‌ലിം ലീഗ് മുന്നില്‍ നില്‍ക്കുമെന്നും തങ്ങള്‍ പറഞ്ഞു.

മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്‌ലിം പേഴ്ണല്‍ ലോ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പറും ബാബരി മസ്ജിദ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറുമായ അഡ്വ. സഫര്‍യാബ് ജീലാനി, ദളിത് ആക്ടിവിസ്റ്റ് ദ്വന്ത പ്രശാന്ത് എന്നിവര്‍ അതിഥികളായി. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ‘ഷെയ്ഡ്’ സഹായ പദ്ധതി വിതരണം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുയ് പ്രഭാഷണം നിര്‍വ്വഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (മാനവികതയുടെ രാഷ്ട്രീയം), ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി (ഇന്ത്യയുടെ രാഷ്ട്രീയം), എം.പി അബ്ദുസമദ് സമദാനി (ഏകസിവില്‍കോഡും ബഹുസ്വരതയും), കെ.പി.എ മജീദ് (ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കേരള മാതൃക), ഡോ. എം.കെ മുനീര്‍ (രാഷ്ട്രീയവും ഭീകരതയും), പി.വി. അബ്ദുള്‍ വഹാബ് എം.പി (കേരളവും പ്രവാസ ലോകവും), സിറാജ് ഇബ്രാഹിം സേട്ട് (മുസ്‌ലിം അവസ്ഥയും ഇന്ത്യന്‍ യുവത്വവും), കെ.എം ഷാജി (കേരളത്തിന്റെ രാഷ്ട്രീയം) എന്നിവര്‍ സംസാരിച്ചു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു.
മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, വി.കെ അബ്ദുള്‍ ഖാദര്‍ മൗലവി, പി.എച്ച് അബ്ദുള്‍ സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, സി. മോയിന്‍കുട്ടി, എം.സി മായിന്‍ ഹാജി, അഡ്വ. പി.എം.എ സലാം, ടി.പി.എം സാഹിര്‍, ടി.എം സലീം, കെ.എസ്. ഹംസ, സി.പി. ബാവ ഹാജി, അഡ്വ.യു.എ ലത്തീഫ്, അബ്ദുറഹിമാന്‍ കല്ലായി എന്നിവരും മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളായ അഡ്വ. എസ്. കബീര്‍, അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, കെ.പി. താഹിര്‍, സി.പി.എ. അസീസ്, പി.എ. അഹമ്മദ് കബീര്‍, റഷീദ് ആലായന്‍, സി.എച്ച്. ഇഖ്ബാല്‍, പി.കെ. ഫിറോസ്, കെ.ടി. അബ്ദുറഹിമാന്‍, ജലാല്‍ പൂതക്കുഴി, എം.എ. സമദ്, കെ.എ. മുജീബ്, അഷറഫ് മടാന്‍ എന്നിവരും എം.എല്‍.എമാരായ വി.കെ ഇബ്രാഹിംകുഞ്ഞ്, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീര്‍, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുള്‍ ഹമീദ്, പി.കെ ബഷീര്‍, അഡ്വ.എം. ഉമ്മര്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, മഞ്ഞളാംകുഴി അലി, പി.ബി അബ്ദുള്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, ആബിദ് ഹുസ്സൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മതുല്ല, ദളിത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി. നവാസ്, വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വര്‍, കുറുക്കോളി മോയ്തീന്‍ സംബന്ധിച്ചു.