കോഴിക്കോട്: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഫാസിസവും തീവ്രവാദവും വേവില്ലെന്നും പിന്നോക്ക അവശ ജനവിഭാഗങ്ങളെ ഒരുമിച്ച് നിര്‍ത്തി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്നും ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. പടക്കം പൊട്ടിച്ച് നടക്കുന്നവര്‍ അത്ര വലിയ ശക്തികളൊന്നുമല്ല. സംഘ്പരിവാരിന്റെ വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്നല്ലാതെ ഇവരെകൊണ്ട് എന്ത് പ്രയോജനം. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

ഈ രാജ്യത്തെ ആരെങ്കിലും വഴി തെറ്റിക്കാന്‍ ശ്രമിച്ചാല്‍ അത് സമ്മതിക്കാന്‍ ഹരിതശക്തി സമ്മതിക്കില്ല. ലോകത്ത് പല ഏകാധിപത്യ ഭരണാധികാരികളും ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ജനതയെ ക്യൂവിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് വിമാനം കയറിയിരിക്കുന്നു. കോണ്‍ഗ്രസ്സ് ഭരിച്ച് വികസിത രാജ്യമാക്കിയ ഇന്ത്യയെ അരാജകത്വത്തിലേക്കാണ് മോദി നയിച്ച് കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റേത് തുക്ലക്ക് പരിഷ്‌കാരമാണ്. ഉത്തര്‍പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏകസിവില്‍കോഡും മുത്തലാഖുമൊക്കെ പുറത്തിറക്കുന്നത്. ഏകസിവില്‍കോഡ് വിഷയത്തില്‍ പേഴ്‌സണല്‍ ലോബോര്‍ഡിനെ ഞങ്ങള്‍ പിന്തുണക്കുന്നു. രാജ്യത്തെ മുസ്‌ലിം – ദളിത് ന്യുനപക്ഷങ്ങള്‍ മോദിക്കെതിരാണ്.

12g9

ഉമ്മന്‍ചാണ്ടി മന്ത്രിസഭ അതിവേഗം ബഹുദൂരം മുന്നോട്ടായിരുന്നുവെങ്കില്‍ അതിവേഗം ബഹുദൂരം പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് പിണറായിയുടെ ഭരണം. പെന്‍ഷന്‍ തുക ഒന്നിച്ച് കൊടുത്തത് നല്ലത് തന്നെ. അതും യു.ഡി.എഫിന്റെ കാലത്ത് തുടങ്ങി വെച്ചതാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്ത് ചെയ്തു. പരിപാടിയില്ല, നയമില്ല. യുവാക്കള്‍ക്ക് ജോലി കൊടുക്കുമെന്ന് പറയുന്നില്ല. മണ്ടത്തരം കാണിച്ച ഒരു മന്ത്രി പുറത്തുപോയി. മറ്റുള്ളവരെകുറിച്ചും അങ്ങനെ പറയിക്കരുത്. പഴയ ഗവണ്‍മെന്റിനെ കുറ്റം പറയുകയല്ലാതെ ഇവര്‍ക്ക് വേറെ ഒന്നുമില്ലെന്നും കുഞ്ഞാവിക്കുട്ടി പറഞ്ഞു.