തിരുവനന്തപുരം : കോവിഡ് മഹാമാരി ജനജീവിതം ദുസ്സഹമാക്കി മുന്നോട്ടു പോവുന്ന ഈ ഘട്ടത്തിൽ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്ന് നജീബ് കാന്തപുരം എം. എൽ. എ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടാണ് നജീബ് കാന്തപുരം ഈ ആവശ്യം ഉന്നയിച്ചത്.

കോവിഡ് വ്യാപകമാവുന്ന സാഹചര്യത്തിൽ ജനങ്ങളുമായി നിരന്തരം ഇടപെട്ടു കൊണ്ട് ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർക്കിടയിൽ രോഗ വ്യാപന സാധ്യത ഏറെയാണ്. മലയാളി മാധ്യമ പ്രവർത്തകരും കോവിഡ് ബാധിച്ചു മരണമടഞ്ഞിട്ടുണ്ട്. കോവിഡ് ബാധിതരായ മാധ്യമ പ്രവർത്തകർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും കോവിഡ് ബാധിച്ചു മരണപ്പെട്ട മാധ്യമ പ്രവർത്തകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നൽകണമെന്നും നജീബ് കാന്തപുരം മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറഞ്ഞു.