പാരീസ്: ബ്രസീല്‍ താരം നെയ്മര്‍ പിഎസ്ജിയില്‍ തന്നെ തുടരും. താരം നാല് വര്‍ഷത്തേക്ക് പിഎസ്ജിയുമായുള്ള കരാര്‍ പുതുക്കി. 2026 വരെയാണ് 29 കാരനായ നെയ്മറിന്റെ പുതിയ കരാര്‍.

അടുത്ത മൂന്ന് വര്‍ഷത്തിനിടെ പിഎസ്ജി ചാംപ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ കരാര്‍. ക്ലബില്‍ സന്തോഷവാനാണെന്ന് നെയ്മര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇത്തവണ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി സെമിയില്‍ പുറത്തായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതോടെയാണ് പിഎസ്ജിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കടന്ന ടീമാണ് പിഎസ്ജി.