X

നട്ടെല്ലുള്ളൊരുത്തന്‍- പ്രതിഛായ

കേരളം ഭരിക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിനെ കുറിച്ച് ഒരുദിനം ഒരുവിവാദം എന്ന നിലയ്ക്കാണ് വിവാദങ്ങളും ആരോപണങ്ങളും ഉയരുന്നത്. ഒന്നിന് പിന്നാലെ മറ്റൊന്നായി തുറന്നുവിടുന്നതെല്ലാം സര്‍ക്കാറിന്തന്നെ ബൂമറാങ്ങായി തിരിച്ചുകിട്ടുന്ന കാലത്ത് കേരള മുഖ്യനേയും സി. പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നതില്‍ മുന്നിലാണ് അഭിഭാഷകവൃത്തിയില്‍നിന്നും നിയമസഭാസാമാജികനായി മാറിയ മാത്യു കുഴല്‍നാടനെന്ന എം.എല്‍.എ. കോതമംഗലം പോത്താനിക്കാട് പൈങ്ങോട്ടൂരില്‍ എബ്രഹാമിന്റെയും മേരിയുടേയും മകനായി 1977 മെയ് 28ന് ജനിച്ച കുഴല്‍നാടന്‍ സുപ്രീകോടതി അഭിഭാഷകന്‍ കോടതിയില്‍ കേസ് വാദിക്കുന്ന അതേ മൂര്‍ച്ചയോടെയാണ് നിയമസഭയില്‍ പിണറായി സര്‍ക്കാറിനെ കുടഞ്ഞിടുന്നത്.

കേരളത്തില്‍ ഇടതുതരംഗം ആഞ്ഞടിച്ച സമയത്ത്. സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളും ഗ്രൂപ്പ് ഭിന്നതകളും ഘടകകക്ഷികളിലെ അസംതൃപ്തിയും മാത്രമല്ല ട്വന്റി20 ഉയര്‍ത്തിയ വെല്ലുവിളിയും നേരിട്ട് എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റായ മൂവാറ്റുപുഴ പിടിച്ചെടുത്താണ് ആദ്യം പിണറായിയെ ഞെട്ടിച്ചത്. കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നതില്‍ മിടുക്കനായ കുഴല്‍നാടന്‍ സഭയില്‍ എഴുന്നേറ്റാല്‍ ഇടത് മുന്നണിക്കും മുഖ്യനും മുട്ടിടിക്കുന്നത് സ്വാഭാവികം. സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍, സി.പി.എമ്മുകാരുടെ ലഹരി കടത്ത് തുടങ്ങി കുഴല്‍നാടന്‍ അവതരിപ്പിച്ച ഓരോ വിഷയവും പിണറായിയെ ചൊടിപ്പിച്ചത് ചെറുതായല്ലെന്ന് കേരള നിയമസഭയിലെ സംഭവ വികാസങ്ങള്‍ കാണുന്നവര്‍ക്ക് അറിയാം. ‘ജനം ആഗ്രഹിക്കുന്നത് പറയാന്‍ വേണ്ടിയാണ് അവര്‍ എന്നെ ഇവിടേക്ക് അയച്ചത്. അല്ലാതെ നിങ്ങളുടെ അനുമതി വാങ്ങി നിങ്ങള്‍ക്കു വേണ്ടതു പറയാനല്ല.’ നിയമസഭയില്‍ പിണറായി വിജയന്റെ മുഖത്തുനോക്കി കുഴല്‍നാടന്‍ ആഞ്ഞടിച്ചപ്പോള്‍, ഭരണപക്ഷ നിരയും മുഖ്യനും സ്തബ്ധരായതാണ് കേരളം കണ്ട കാഴ്ച.

പിണറായിയെ കണ്ടാല്‍ മുട്ടിടിക്കുന്നവര്‍ക്ക് കുഴല്‍നാടനില്‍ നിന്നും വേണമെങ്കില്‍ ഒരു ട്യൂഷനൊക്കെ ആകാവുന്നതാണ്. കാരണം സാക്ഷാല്‍ കേരള മുഖ്യനാണ് ഇപ്പോള്‍ ഈ 45കാരനെ കൊണ്ട് കുഴങ്ങാതെ കുഴങ്ങിയത്. തങ്ങള്‍ക്ക് പറ്റാത്തതെല്ലാം ആരും കാണരുത് കേള്‍ക്കരുത് അറിയരുത് എന്നാണല്ലോ കേന്ദ്രത്തില്‍നിന്നും കണ്ടുവരുന്നത്. അത്തന്നെയാണ് കുഴല്‍നാടനെതിരെ ഇവിടേയും പ്രയോഗിച്ചത്. രേഖകളില്‍നിന്നും നീക്കുക എന്ന സ്ഥിരം പരിപാടി. അതിപ്പോള്‍ കേന്ദ്രത്തിലായാലും കേരളത്തിലായാലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. ലൈഫ് മിഷനിലെ അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ പ്രസംഗത്തിലെ മുഖ്യനെതിരായ ഭാഗങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി. എം ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെ കുറിച്ച് പരാമര്‍ശമുണ്ടെന്ന ഭാഗവും സ്വപ്‌ന സുരേഷ് ക്ലിഫ്ഹൗസില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന പരാമര്‍ശവും നീക്കി. രേഖകളില്‍ നിന്നും നീങ്ങിയാല്‍ ജനങ്ങളില്‍ നിന്നും നീങ്ങുമെന്ന മൂഢ വിശ്വാസം.

മുഖ്യന്റെ മകളുടെ മെന്റര്‍ വിഷയത്തില്‍ നടത്തിയ സഭാ ഇടപെടലാണ് അദ്ദേഹത്തെ സി.പി.എമ്മിന്റെ കടന്നല്‍ കൂട്ടങ്ങള്‍ക്ക് ശത്രുവാക്കി മാറ്റിയത്. ഈ വിഷയത്തില്‍ നാല് തവണയാണ് മുഖ്യനും എം.എല്‍.എയും ഏറ്റുമുട്ടിയത്. ഇതിന്റെ തുടര്‍ച്ചയായി ഇപ്പോള്‍ സഭയില്‍ ഉയരുന്നത് ഇ.ഡി കുറ്റപത്രത്തിലെ വരികള്‍ കുഴല്‍നാടന്‍ സഭയിലെത്തിച്ചതാണ്. ഇ.ഡിയുടെ കുറ്റപത്രത്തിലെ വരികളും, പുറത്തായ ചാറ്റും എടുത്തിട്ട്, സ്വപ്‌നയും ശിവശങ്കറും പിണറായിയും, യു.എ.ഇ കോണ്‍സുല്‍ ജനറലും നേരിട്ട് ചര്‍ച്ച നടത്തിയെന്ന മാത്യൂവിന്റെ വാദം കേട്ട് പൊട്ടിത്തെറിക്കുന്ന ഇടത് നേതാക്കള്‍ക്ക് ഇതുവരെ കൂളായിട്ടില്ല. തെളിവുകളുമായി എത്തിയാല്‍ അതാണ് പ്രശ്‌നം. കുഴല്‍നാടനെ പ്രതിരോധിക്കാന്‍ ആവനാഴിയിലെ അവസാനത്തെ അടവും പുറത്തെടുത്ത് സി.പി.എം വെട്ടുകിളികള്‍ ഓവര്‍ടൈം പണിയെടുക്കാനാരംഭിച്ചു. ഒന്നും കിട്ടിയില്ല. അപ്പോഴാണ് കുഴല്‍നാടന്റെ വീടിന് സമീപം മണ്ണിടുന്നത് കണ്ടത്. കണ്ടത് പാതി കേട്ടത് പാതി. കെട്ടിട നിര്‍മാണത്തിന്റെ പേര് പറഞ്ഞ് കുഴല്‍നാടന്‍ മണ്ണ് കടത്തിയെന്ന വാര്‍ത്ത ചമച്ചു. അതും മുഖ്യനും കൂട്ടരും കേരളത്തിലെ ഏക സത്യം പറയുന്ന മാധ്യമമെന്ന് അവകാശപ്പെടുന്ന പട്ടിതീറ്റ വാര്‍ത്ത കൊടുത്ത മാധ്യമം വാര്‍ത്ത ചമച്ചത്. എന്നാല്‍ റോഡിന് സ്ഥലം വിട്ടുകൊടുത്തപ്പോള്‍ ഉണ്ടായ കുഴി നികത്താന്‍ മണ്ണ് അടിച്ചതാണെന്നും ഇതില്‍ എല്ലാരേഖകളും പൊലീസ് പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും കുഴല്‍നാടന്‍ തെളിവ് സഹിതം പറയുമ്പോള്‍ ആന്തൂരിലെ സത്യം മൊബൈലില്‍ തെളിയിച്ച നേര് നേരത്തെ അറിയിക്കുന്ന ഭരണപക്ഷ മാധ്യമം പതിവ് പോലെ ബബബ അടിച്ച് തടിയൂരുകയാണ്. നിയമസഭക്ക് പുറത്തും കുഴല്‍നാടന്റെ ഇടപെടലുകള്‍ അടപടലം സി.പി.എമ്മിനെ നേരത്തെയും വെട്ടിലാക്കിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ പായിപ്ര പഞ്ചായത്തില്‍ അച്ഛനും അമ്മയും ആശുപത്രിയില്‍ ആയിരിക്കേ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ പൂട്ട് പൊളിച്ച് അകത്ത് കടന്ന് പ്രതികരിച്ച കുഴല്‍നാടന്റെ നടപടിക്ക് കേരളം മുഴുവന്‍ അന്ന് കൈയടിച്ചതാണ്. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 1,75000 രൂപ താന്‍ അടച്ചുകൊള്ളാം എന്ന് അറിയിച്ചാണ് കുഴല്‍നാടന്‍ കത്ത് നല്‍കിയത്. ഇതോടെ ബാങ്കും സി.പി.എമ്മും വെട്ടിലായി. ഇതിനൊപ്പം പട്ടികജാതി കുടുംബത്തിലെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരിക്കെ 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടതിന് കേസ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കണ്ണില്‍ ചോരയില്ലാതെ നടത്തുന്ന ജപ്തികള്‍ക്കെതിരായ വന്‍ കാമ്പയിനായി ഇത് മാറുകയും ചെയ്തു. ജപ്പാനിലേക്ക് പോകേണ്ട മേഘങ്ങളെ ചിറകെട്ടി നിര്‍ത്തിയെന്ന് കോമാളിത്തം വിളമ്പുന്നവര്‍ വരെ സൈബര്‍ കടന്നല്‍ സഖാക്കള്‍ക്ക് ഹീറോയാകുന്ന നാട്ടില്‍ ജെ.എന്‍.യുവില്‍ പഠിച്ച എല്‍.എല്‍.ബിയും ഡോക്ടേററ്റുമുള്ള യുവാവിനെതിരെ സഖാക്കള്‍ തിരിയാനുള്ള കാരണം തേടി വലിയ ഗവേഷണത്തിനൊന്നും പോകേണ്ടതില്ല.

webdesk11: