അഞ്ച് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്കടുക്കുമ്പോള്‍ മൂന്നിടത്തും ഭരണമുള്ള ബിജെപി കിതയ്ക്കുകയാണ്. മൂന്നു തവണയും കൈവിട്ടു കളഞ്ഞ ഛത്തീസ്ഗഡില്‍ ഇക്കുറി വിജയം പിടിയിലൊതുക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. എന്നാല്‍, ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപിയും രംഗത്തുണ്ട്. 2003ല്‍ ബിജെപിയിലെ രമണ്‍ സിങിലൂടെയാണ് ഛത്തീസ്ഗഡില്‍ ബിജെപി ഭരണത്തിന് തുടക്കമിട്ടത്.

കഴിഞ്ഞ 15 വര്‍ഷവും ഭരണവിരുദ്ധ വികാരം ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസിന് മുതലെടുക്കാനായില്ല. നേരിയ വോട്ട് ശതമാനത്തിലാണ് മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെട്ടത്. 2013ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 90 സീറ്റുകളില്‍ 49 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 39 സീറ്റുകളില്‍ മാത്രം കോണ്‍ഗ്രസ് വിജയം നേടി. ബിജെപിക്ക് 41.04 ശതമാനം വോട്ടുകളും കോണ്‍ഗ്രസിന് 40.29 ശതമാനം വോട്ടുകളും ലഭിച്ചു.

നേരിയ വോട്ടിനാണ് പലയിടങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. അജിത് യോഗി പാര്‍ട്ടിവിട്ടത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. തെരഞ്ഞെടുപ്പ് അടുക്കും തോറും പുറത്തു വരുന്ന ഫലങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ 54 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് എബിപി ന്യൂസ്സി വോട്ടര്‍ അഭിപ്രായ സര്‍വേ സര്‍വേ ഫലം പറയുന്നു.

ബിജെപി 33 സീറ്റുകളും മറ്റുള്ളവര്‍ മൂന്ന് സീറ്റുകളും നേടും. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് 40ശതമാനം വോട്ടു നേടുമെന്നും ബിജെപിക്ക് 39 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും പ്രവചനമുണ്ട്.