മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ നിന്ന് കാണാതായ യുവതിയും മൂന്ന് കുട്ടികളും തിരിച്ചെത്തി. സൗദാബിയേയും അവരുടെ മൂന്ന് കുട്ടികളെയുമാണ് 22 ദിവസത്തിനുശേഷം തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയത്. തനിക്ക് ഒരു സിദ്ധനുമായി അവിഹിതബന്ധമുണ്ടെന്ന പ്രചാരണമാണ് വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് സൗദാബി പൊലീസിനോട് പറഞ്ഞതായി ‘മംഗളം വെബ്‌സൈറ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുടുംബത്തെ ദുരൂഹസാഹചര്യത്തില്‍ കാണാതായതിനു പിന്നില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സൗദാബിക്ക് കൊണ്ടോട്ടി പുളിയംപറമ്പിലെ സിദ്ധനുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് താന്‍ കുട്ടികള്‍ക്കൊപ്പം നാടുവിട്ടതെന്ന് സൗദാബി പറഞ്ഞു. ഇവര്‍ സിദ്ധനുമായി അടുപ്പമുള്ള തിരുവനന്തപുരത്തുള്ള സുഹൃത്തിന്റെ വീട്ടിലായിരുന്നു താമസം. സംശയം തോന്നിയ പൊലീസ് സിദ്ധനേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്തിരുന്നു. നിലമ്പൂരിലുള്ള സുഹൃത്തിനെ ചോദ്യം ചെയ്തതോടെ പൊലീസിന് കുടുംബത്തെക്കുറിച്ചുള്ള വിവരം ലഭിക്കുകയായിരുന്നു.

കുടുംബത്തിനു വേണ്ടി തിരുവനന്തപുരത്തും ബീമാപള്ളിയിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡ് ആവര്‍ത്തിച്ചതോടെ സിദ്ധന്റെ സുഹൃത്ത് ഫഌറ്റില്‍ താമസിച്ചിരുന്ന കുടുംബത്തെ കോഴിക്കോട്ടേക്ക് ട്രെയിന്‍ കയറ്റി വിടുകയായിരുന്നു. കോഴിക്കോട്ടെത്തിയ കുടുംബം സ്‌നേഹിതയില്‍ അഭയം തേടുകയാണുണ്ടായത്. തുടര്‍ന്ന് പൊലീസെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയി. കോടതിയില്‍ ഹാജരാക്കിയ നാലുപേരേയും ഭര്‍ത്താവിനൊപ്പം പോകാന്‍ സമ്മതമാണെന്നറിയച്ചതോടെ പൊലീസ് പറഞ്ഞുവിട്ടു. അതേസമയം, സിദ്ധനേയും ഒളിവില്‍ പാര്‍പ്പിച്ചയാളേയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.