X

കോവിഡ് സ്ഥിരീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന് ഹസ്തദാനം നല്‍കിയ പ്രധാനമന്ത്രി ക്വറന്റീനില്‍ പോകാത്തതെന്തെന്ന് സഞ്ജയ് റാവത്ത്

മുബൈ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹാന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചിരിക്കെ അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുള്ള പ്രധാനമന്ത്രി മോദി നിരീക്ഷണത്തിന് വിധേയമാകാത്തത് എന്തെന്ന ചോദ്യവുമായി ശിവസേന രംഗത്ത്. ആഗസ്ത് 5 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കോവിഡ് സ്ഥിരീകരിച്ച നൃത്യ ഗോപാല്‍ ദാസുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടപഴകിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ വിമര്‍ശനം.

ശിവസേന മുഖപത്രമായ സാമ്‌നയില്‍ എഴുതുന്ന കോളത്തിലായിരുന്നു ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തിന്റെ വിമര്‍ശനം. ഭൂമി പൂജ ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷന് ഹസ്തദാനം നല്‍കിയ മോദി ഇപ്പോള്‍ ക്വാറിന്റീനിലാണോ എന്നും അങ്ങനെ പോകുവാന്‍ തയാറാകുമോയെന്നും ശിവസേന നേതാവ് ചോദിച്ചു. ഭൂമി പൂജ ചടങ്ങില്‍ 75 കാരനായ ട്രസ്റ്റ് അധ്യക്ഷന്‍ വേദിയില്‍ ഉണ്ടായിരുന്നതായും അദ്ദേഹം മാസ്‌ക് ഉപയോഗിച്ചില്ലെന്നും വ്യക്തമായി കണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്തും ട്രസ്റ്റ് അധ്യക്ഷനുമായി ഇടപഴകിയിരുന്നു. പ്രധാനമന്ത്രി മോദി ഭക്തിയോടെ കൈ പിടിച്ചു. അതിനാല്‍, ഞങ്ങളുടെ പ്രധാനമന്ത്രിയെയും ക്വാറന്റൈനില്‍ വരണ്ടെ, ”ഞായറാഴ്ച പ്രസിദ്ധീകരിച്ച സാമ്‌നയിലെ തന്റെ കോളത്തില്‍ റാവത്ത് ചോദിച്ചു.

നിരീക്ഷണ ഘട്ടത്തിലും സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വന്നു പ്രസംഗം നടത്തിയ സാഹചര്യത്തിലാണ് ശിവസേന നേതാവിന്റെ വിമര്‍ശനം. ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്നും മൂന്ന് വാക്‌സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. രാജ്യത്ത് ഇറക്കുമതിയിലുള്ള ആശ്രയം പരമാവധി കുറയ്ക്കാനായി ആത്മനിര്‍ഭര്‍ പദ്ധതിയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. എന്നാല്‍ മോദിയുടെ ഈ പരാമശത്തെയും ശിവസേന നേതാവ് പരിഹസിച്ചു.

റഷ്യയുടെ കൊവിഡ് 19 വാക്‌സിന്‍ ഗവേഷണം മുന്‍നിര്‍ത്തി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത്(സ്വയംപര്യാപ്ത ഭാരതം) മുദ്രാവാക്യത്തെയും ലേഖനത്തില്‍ സഞ്ജയ് റാവത്ത് കടന്നാക്രമിച്ചു. ആദ്യ കൊവിഡ് വാക്‌സിന്‍ പുറത്തിറക്കി ആത്മനിര്‍ഭര്‍ (സ്വയംപര്യാപ്തത) എന്താണെന്ന് റഷ്യ കാണിച്ചു തന്നെന്നും എന്നാല്‍ ഇന്ത്യയില്‍ സംസാരത്തില്‍ മാത്രമാണ് സ്വയംപര്യാപ്തതയെന്നും അദ്ദേഹം പരിഹസിച്ചു. കോവിഡ് വാക്സിന്‍ കണ്ടുപിടിച്ചതിന് റഷ്യയെ അഭിനന്ദിച്ച റാവത്ത്, ഇത് സൂപ്പര്‍ പവര്‍ ആയിരിക്കുന്നതിന്റെ സൂചനയാണെന്നും പറഞ്ഞു. ‘അമേരിക്കയുമായി പ്രണയത്തിലായതിനാല്‍’ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ റഷ്യയുടെ ഉദാഹരണം പിന്തുടരില്ലെന്നും റാവത്ത് പരിഹസിച്ചു.

chandrika: