കോട്ടയം: മലയാളത്തില്‍ വീണ്ടും കവിതാ മോഷണ വിവാദം. കവിയും അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രന്റെ കവിത പുരോഗമന കലാ സാഹിത്യ സംഘം മലപ്പുറം ജില്ലാ പ്രസിഡന്റ് അജിത്രി ബാബുവിന്റെ പേരില്‍ വന്നതായാണ് പരാതി. സര്‍ക്കാര്‍ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലാണ് സംഗീത് രവീന്ദ്രന്റെ കവിത അജിത്രിയുടെ പേരില്‍ പ്രസിദ്ധീകരിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കവിത മോഷ്ടിച്ചതാണെന്ന് കാണിച്ച് സംഗീത് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ ഒന്നിച്ചെഴുതിയ കവിതകള്‍ സംഗീത് രവീന്ദ്രന്‍ പ്രസിദ്ധീകരിക്കുകയായിരുന്നുവെന്ന് അജിത്രി ബാബു പറയുന്നു.

കവിയും അധ്യാപകനുമായ ഡോ.സംഗീത് രവീന്ദ്രന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഉറുമ്പുപാലം എന്ന കവിതാ സമാഹാരത്തിലെ റോസ എന്ന കവിതയാണ് വിവാദമായിരിക്കുന്നത്. കവിതയുടെ ഏതാനും വരികള്‍ വിദ്യാരംഗം മാസികയുടെ നവംബര്‍ ലക്കത്തില്‍ അജിത്രി ബാബു എഴുതിയ തുലാത്തുമ്പിയെന്ന കവിതയില്‍ പ്രസിദ്ധീകരിച്ചുവെന്നാണ് സംഗീത് രവീന്ദ്രന്റെ ആരോപണം.

‘അജിത്രി എന്ന അധ്യാപിക ഉള്‍പ്പെടുന്ന കവനം എന്ന വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗമായിരുന്നു ഞാന്‍. കവനം എന്ന ഗ്രൂപ്പില്‍ എന്റെ കവിതകള്‍ പങ്കുവെക്കുമ്പോള്‍ അജിത്രി ടീച്ചറും എന്റെ സ്‌കൂളിലെ പല അധ്യാപകരും അതില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. എന്റെ റോസ എന്ന പത്തുവരിയുളള കവിതയിലെ ഏഴുവരി അവരുടെ തുലാത്തുമ്പി എന്ന കവിതയില്‍ ഉള്‍ച്ചേര്‍ത്തത് എനിക്ക് വലിയ അപമാനമുണ്ടാക്കിയ സംഭവമാണ്.’ സംഗീത് പറഞ്ഞു.