News

അവസാന നിമിഷത്തില്‍ പൊലീസ്; ഹോട്ടല്‍ മുറിയില്‍ ആത്മഹത്യാശ്രമം തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി

By Manya

January 26, 2026

കോഴിക്കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ കോഴിക്കോട് നടക്കാവ് പൊലീസ് സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിന്റെ മൂന്നാം നിലയിലെ മുറിയിലാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

കാണാതായ യുവാവിന്റെ ടവര്‍ ലൊക്കേഷന്‍ നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്ന് കൂത്തുപറമ്പ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് എഎസ്‌ഐ പി. സുനീഷിന്റെ നേതൃത്വത്തില്‍ സിപിഒ എന്‍. നിഷോബും ഡ്രൈവര്‍ എം. മുഹമ്മദ് ജിഷാദും അടങ്ങിയ സംഘം അടിയന്തിരമായി അന്വേഷണം ആരംഭിച്ചു. എരഞ്ഞിപ്പാലം ശാസ്ത്രിനഗര്‍ മേഖലയില്‍ വ്യാപകമായി ഹോട്ടലുകളും ഹോസ്റ്റലുകളും പരിശോധിച്ചെങ്കിലും ആദ്യഘട്ടത്തില്‍ ഫലമുണ്ടായില്ല. അഞ്ച് കിലോമീറ്ററിലധികം കാല്‍നടയായി നടത്തിയ തിരച്ചിലിനിടെ നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നു. രണ്ടാംഘട്ട പരിശോധനയില്‍ കോ-ഓപ്പറേറ്റീവ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലില്‍ യുവാവിനെ തിരിച്ചറിഞ്ഞു.

മൂന്നാം നിലയിലെ മുറിയിലെത്തിയപ്പോള്‍ പ്രതികരണമില്ലാതിരുന്നതിനെ തുടര്‍ന്ന് പൊലീസ് കീഹോളിലൂടെ പരിശോധിച്ചപ്പോള്‍ ഫാനില്‍ കയറുകെട്ടാന്‍ ശ്രമിക്കുന്ന യുവാവിനെ കണ്ടു. ഉടന്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറി യുവാവിനെ താഴെയിറക്കി രക്ഷപ്പെടുത്തി. പ്രണയ നൈരാശ്യമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മുറിയില്‍ ആത്മഹത്യക്കുറിപ്പും കണ്ടെത്തി. പൊലീസ് നല്‍കിയ മാനസിക പിന്തുണയും പ്രചോദനപരമായ വാക്കുകളും യുവാവിനെ പിന്തിരിപ്പിക്കാന്‍ സഹായകമായി. വിവരം അറിഞ്ഞെത്തിയ വീട്ടുകാരോടൊപ്പം യുവാവിനെ സുരക്ഷിതമായി തിരിച്ചയച്ചു.