കാസര്‍കോഡ്: കാസര്‍കോഡ് മദ്രസാ അധ്യാപകന്‍ റിയാസ് മൗലവി കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി എം.പിക്കെതിരെ പോലീസ് അന്വേഷണം. മംഗളൂരുവിലെ ബി.ജെ.പി എം.പി നളീന്‍കുമാര്‍ കട്ടീലിനെതിരെയാണ് അന്വേഷണം നടക്കുന്നത്. കൊലക്ക് എം.പി ആഹ്വാനം ചെയ്തുവെന്നാണ് ആരോപണം.

കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് എം.പി കാസര്‍കോഡ് താളിപ്പടുപ്പ് ഗ്രൗണ്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തിരുന്നു. ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അഡ്വ പി. സുഹാസ് മെമ്മോറിയല്‍ കബഡി ടൂര്‍ണ്ണമെന്റിനെത്തിയ നളീന്‍കുമാര്‍ അവിടെ നടത്തിയ പ്രസംഗത്തില്‍ കൊലക്ക് ആഹ്വാനം ചെയ്തിരുന്നുവെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ചടങ്ങില്‍ പി.സുഹാസിനെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യണമെന്ന് എം.പി ആഹ്വാനം ചെയ്തുവെന്നും ഉയരുന്നുണ്ട്. അന്ന് പരിപാടിയില്‍ റിയാസ് വധത്തില്‍ അറസ്റ്റിലായ അജേഷും നിധിന്‍ റാവുവും പങ്കെടുത്തിരുന്നു. എം.പിയുടെ പ്രസംഗമാണ് ഇവരെ മുസ്‌ലിം സമുദായത്തില്‍പെട്ട ഒരാളെ കൊല്ലുന്നതിന് പ്രേരിപ്പിച്ചതെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.പിക്കെതിരെ പോലീസ് അന്വേഷണം നടക്കുന്നത്.

ഈ മാസം 20-നാണ് കാസര്‍കോഡ് ചൂരിയില്‍ പള്ളിക്കകത്ത് ഉറങ്ങിക്കിടന്നിരുന്ന റിയാസ് മൗലവിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊല ചെയ്യുന്നത്. സംഭവത്തില്‍ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25),നിതിന്‍ എന്നിവര്‍ അറസ്റ്റിലായി. ആര്‍.എസ്.എസ് ശാഖയില്‍ പരിശീലനം ലഭിച്ചവരാണ് മൂവരും. മുമ്പ് പല ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഇവര്‍ പിടിക്കപ്പെടുന്നത് ഇതാദ്യമായാണ്. വര്‍ഗ്ഗീയ കലാപം ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു കൊലപാതകമെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.