ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളനാണെന്ന് പറയാന്‍ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഒരു ദേശീയ ചാനലിനോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ആജ് തക് ചാനല്‍ റിപ്പോര്‍ട്ടര്‍ക്കായിരുന്നു രാഹുലിന്റെ തകര്‍പ്പന്‍ മറുപടി. ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം ഇനി പറയുമോ എന്നായിരുന്നു ചോദ്യം. ക്യാമറയും മൈക്കും പിടിച്ച് ശരിക്ക് കേള്‍ക്കാന്‍ പറഞ്ഞ രാഹുല്‍ ഗാന്ധി ചൗക്കിദാര്‍ ചോര്‍ ഹെ എന്ന് ആവര്‍ത്തിച്ച് വിളിച്ചു. തന്നോട്ട് സംവാദത്തിന് തയ്യാറുണ്ടോയെന്ന് ചൗക്കിദാറിനോട് പോയി ചോദിക്കാനും രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തില്‍ സുപ്രീം കോടതിയെ പരാമര്‍ശിച്ചതിന് രാഹുല്‍ കോടതിയോട് ഖേദം പ്രകടിപ്പിച്ചിരുന്നു. കോടതിയെ പരാമര്‍ശിച്ചതിനാണ് ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ മോദി കള്ളനാണെന്ന് പറഞ്ഞതിന് രാഹുല്‍ ഖേദം പ്രകടിപ്പിച്ചുവെന്നായിരുന്നു സംഘപരിവാര്‍ പ്രചരണം. മലയാള മാധ്യമങ്ങളടക്കം ഇതേറ്റെടുത്ത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി പ്രചാരണത്തിനുള്ള മറുപടിയായാണ് രാഹുല്‍ ചൗക്കിദാര്‍ പരാമര്‍ശം ആവര്‍ത്തിച്ചത്.