തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാന്‍ സിപിഎം വോട്ടര്‍ പട്ടികയില്‍ ആസൂത്രിതമായി ആളുകളെ തിരുകി കയറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ ആളിന്റെ പേരില്‍ തന്നെ നാലും അഞ്ചും വോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടുവെന്നും ഇതിന് പിന്നില്‍ ആസൂത്രിത ശ്രമം ഉണ്ടായെന്നും ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വോട്ടര്‍പ്പട്ടികയില്‍ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ പേരുകള്‍ ചെന്നിത്തല പുറത്തുവിട്ടു. കഴക്കൂട്ടം മണ്ഡലത്തില്‍ 4506 കള്ളവോട്ടര്‍മാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂരില്‍ 1436,നാദാപുരത്ത് 6171, കൊയിലാണ്ടിയില്‍ 4611, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതുവരെ കണ്ടെത്തിയ കള്ളവോട്ടര്‍മാരുടെ എണ്ണമെന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായ തോതില്‍ സംഘടിതമായി വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. സംസ്ഥാന തലത്തില്‍ വ്യക്തമായ ഗൂഢാലോചന കള്ളവോട്ടര്‍മാരെ സൃഷ്ടിക്കാന്‍ നടന്നിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത് നടന്നത്. ഉദുമ മണ്ഡലത്തില്‍ കുമാരി എന്നയാള്‍ക്ക് അഞ്ച് വോട്ടുണ്ട്. ഭരണ കക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നില്‍.

ഒരേ ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് ഇങ്ങനെ അഞ്ച് ഇലക്ട്രറല്‍ ഐ.ഡി. കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് കാര്‍ഡുകള്‍ക്കും അഞ്ച് നമ്പരുമുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍കണ്ട് ഇക്കാര്യത്തില്‍ പരാതി ഉന്നയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.