കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോടതിയെ സമീപിക്കും. യൂണിടാക് എംഡിക്ക് നോട്ടീസ് അയക്കും. കേസെടുക്കാന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ ഉപയോഗിക്കുന്ന ആളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടും. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

യു എ ഇ കോണ്‍സുലേറ്റ് നടത്തിയ നറുക്കെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്‍ സ്റ്റാഫ് അംഗത്തിനാണ് ഐഫോണ്‍ സമ്മാനമായി കിട്ടിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം തന്നെ വ്യകത്മാക്കിയിരുന്നു. 2019 ഡിസംബര്‍ രണ്ടിന് നടന്ന യുഎഇ ദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താ സമ്മേളനം. കോടിയേരി ആഭ്യന്തരമന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന എപി രാജീവന്‍ അടക്കം മൂന്ന് പേര്‍ക്കാണ് സ്മാര്‍ട്ട് ഫോണ്‍ സമ്മാനമായി കിട്ടിയത്.

നിലവില്‍ എപി രാജീവന്‍ അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസറാണ്. ലക്കി ഡിപ്പ് വഴിയായിരുന്നു സമ്മാനം നല്‍കിയത്. തന്റെ സ്റ്റാഫില്‍ പെട്ട ഹബീബിന് ലക്കി ഡിപ്പില്‍ വാച്ച് സമ്മാനമായി കിട്ടിയിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രോട്ടോകോള്‍ ലംഘനത്തെ കുറിച്ചാണ് കോടിയേരി അടക്കമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു. വിവാദങ്ങളൊന്നും ഇല്ലാത്ത സാഹചര്യത്തിലാണ് അന്നത്തെ ആ ചടങ്ങില്‍ പങ്കെടുത്തത്. പ്രോട്ടോകോള്‍ ലംഘനം ഉറപ്പാക്കേണ്ട പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന് തന്നെ ഫോണ്‍ സമ്മാനമായി കിട്ടിയതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. താന്‍ ഐ ഫോണ്‍ സമ്മാനമായി വാങ്ങിയെന്ന സന്തോഷ് ഈപ്പന്റെ വാദം ശുദ്ധ അസംബന്ധമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.