കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ വൈദികന്‍ കുറ്റം സമ്മതിച്ചു. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളി വികാരി ഫാ. റോബിന്‍ വടക്കുംചേരി ഇന്നലെ വൈകുന്നേരമാണ് പോലീസ് പിടിയിലായത്. ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. 26നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സംഭവത്തില്‍ വൈദികനെ പള്ളിമേടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. പള്ളിയിലും പരിസര പ്രദേശത്തും വന്‍ പോലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്.

സമാനമായ സംഭവങ്ങള്‍ നേരത്തെ നടന്നിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ പ്രസവം മറച്ചുവെച്ചതിന് ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

വൈദികന്റെ പീഡനത്തില്‍ ഗര്‍ഭിണിയായ 16കാരി ഒരു മാസം മുമ്പ് പ്രസവിച്ചിരുന്നു. ആദ്യം പോലീസ് ചോദ്യം ചെയ്തപ്പോള്‍ സ്വന്തം പിതാവാണ് പീഡിപ്പിച്ചതെന്ന് പറഞ്ഞ പെണ്‍കുട്ടി വിശദമായ ചോദ്യം ചെയ്യലിലാണ് വൈദികന്റെ പേര് പറഞ്ഞത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയുന്നതിനുള്ള പോസ്‌കോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് വൈദികനെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ ജാമ്യം ലഭിക്കില്ല. ശാരീരിക പരിശോധനകള്‍ക്കു വിധേയനാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.