മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ആര്‍.ബി.ഐയുടെ ‘ഒളിച്ചുകളി’ തുടരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി നടന്ന ഡയറക്ടര്‍മാരുടെ യോഗത്തിന്റെ മിനുട്‌സ് ആവശ്യപ്പെട്ട അപേക്ഷയിലാണ് ആര്‍.ബി.ഐ വീണ്ടും ഉടക്കിയത്. മറുപടി നല്‍കണമെങ്കില്‍ ഏതെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് വിശദമായി അറിയിക്കാന്‍ ആര്‍.ബി.ഐ ആവശ്യപ്പെട്ടു.
2013 ജനുവരി മുതല്‍ 2017 ജനുവരി വരെയുള്ള കേന്ദ്ര ഡയറക്ടര്‍ ബോര്‍ഡിന്റെ മിനുട്‌സ്, യോഗത്തില്‍ ആരെല്ലാം പങ്കെടുത്തു തുടങ്ങിയ വിവരങ്ങളാണ് അപേക്ഷകന്‍ ആവശ്യപ്പെട്ടിരുന്നത്.
ആര്‍.ബി.ഐക്കു കീഴിലുള്ള കേന്ദ്ര വിവരാവകാശ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി പ്രകാരം, മിനുട്‌സില്‍ നിരവധി വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും ഏതെല്ലാമാണ് വേണ്ടതെന്നും അറിയിക്കണമെന്ന് അപേക്ഷകനോട് ആവശ്യപ്പെട്ടു.
സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍.ടി.ഐ ആക്ടിലെ വകുപ്പ് രണ്ട് (എഫ്) പ്രകാരം റെക്കോര്‍ഡ്, രേഖ, മെമോ തുടങ്ങിയവയാണ് ഇന്‍ഫര്‍മേഷന്‍ (വിവരം) എന്ന സംജ്ഞയ്ക്കു കീഴില്‍ വരുന്നത്. ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കപ്പെട്ടവയും ഇതിനു കീഴില്‍ വരും. എന്നാല്‍ അപേക്ഷകന്‍ മിനുട്‌സിന്റെ പകര്‍പ്പാണ് (കോപി) ആവശ്യപ്പെട്ടത്. ഇതു ചൂണ്ടിക്കാട്ടിയാണ്, ഏതെല്ലാം വിവരമാണ് (ഇന്‍ഫര്‍മേഷന്‍) വേണ്ടതെന്ന് പ്രത്യേകം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ബി.ഐ അപേക്ഷകന് മറുപടി നല്‍കിയത്.
നോട്ടു നിരോധനം ആര്‍.ബി.ഐ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയോടെയാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്രകാരം ആര്‍.ബി.ഐ യോഗം വിളിക്കുകയായിരുന്നു എന്നാണ് നേരത്തെ വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ കേന്ദ്രബാങ്ക് വ്യക്തമാക്കിയിരുന്നത്.