ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈയില്‍ അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വില്‍പന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018ലെ ഒന്നാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഭൂമിയും വീടും അനുവദിക്കപ്പെട്ടവരുടെ അനുഭവാവകാശക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രയോജനപ്പെടാനുള്ള ലക്ഷ്യാര്‍ത്ഥമാണ് ഉത്തരവ്. ഭവന സംരക്ഷണത്തിനും പൗരന്മാരുടെ ജനസംഖ്യക്കനുസൃതമായ വിഭവ സംരക്ഷണത്തിനും ഈ ഉത്തരവ് സഹായകമാകും. ഇതനുസരിച്ച്, അനുഭവാവകാശക്കാര്‍ക്കോ, അല്ലെങ്കില്‍ അവരുടെ നിയമ പ്രതിനിധികള്‍ക്കോ മറ്റൊരു വീടോ, പ്‌ളോട്ടോ ഉണ്ടെങ്കില്‍ നിലവിലെ വീട് ആവശ്യാനുസരണം തൃപ്തികരമല്ലെന്നു വരികില്‍ മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റ് വില്‍പനക്ക് അനുമതി നല്‍കുന്നു. നിലവിലെ വീടോ ഭൂമിയോ വില്‍ക്കുന്നത് മറ്റൊരു വീടോ ഭൂമിയോ വാങ്ങാനായിരിക്കണമെന്ന് നിയമം വ്യവസ്ഥപ്പെടുത്തുന്നു. പ്രസ്തുത നടപടിക്രമം മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിംഗ് എസ്റ്റാബ്‌ളിഷ്‌മെന്റിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് അനുഭവാവകാശക്കാര്‍ എഴുതി നല്‍കണം. ഇതുകൂടാതെ, ഒരിക്കല്‍ അനുവദിക്കപ്പെട്ട ഭൂമിയോ, വീടോ വില്‍പന നടത്തിയാല്‍ പിന്നീട് മറ്റൊരു ഭൂമിക്കോ, വീടിനോ അയാള്‍ക്ക് അപേക്ഷിക്കാനാവില്ല. വാങ്ങുന്നയാള്‍ യുഎഇ പൗരനായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഏതെങ്കിലും നിയമ-ധന കാര്യ ബാധ്യതകളുമായി ബന്ധപ്പെടുത്തിയുള്ളതാവരുത് പ്രോപര്‍ട്ടി. വില വിപണി വിലയെക്കാള്‍ കുറയാന്‍ പാടില്ല. നിര്‍ദിഷ്ട വ്യവസ്ഥകള്‍ പാലിക്കപ്പെടുന്ന പക്ഷം മാത്രമേ ദുബൈയിലെ ഭൂമി-സ്വത്തു വകുപ്പ് ടൈറ്റില്‍ ഡീഡ്‌സ് ഇഷ്യൂ ചെയ്യുകയുള്ളൂ. അനന്തരാവകാശ സ്വത്ത്, വ്യാപാര സ്വത്തുകള്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്വത്ത് വാങ്ങല്‍, അനുവദിക്കപ്പെട്ട ഭൂമിയില്‍ നിര്‍മിച്ച വീട് വാടകക്ക് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ വില്‍പനയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ചട്ടങ്ങളും നിയമം മുന്നോട്ട് വെക്കുന്നു. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെ ഈ നിയമം നടപ്പാകും.