വയനാട്: വയനാട് മേപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ സ്കൂൾ വിദ്യാർഥികൾക്ക് പരിക്കേറ്റു. സീബ്രാ ലൈനിലൂടെ നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാർഥികളെ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ സമയങ്ങളിൽ ഓടാൻ നിയന്ത്രണമുള്ള ടിപ്പർ ലോറി നിയമം ലംഘിച്ചാണ് റോഡിലൂടെ സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തെ തുടർന്ന് ടിപ്പർ ലോറി പിടിച്ചെടുത്തിട്ടുണ്ട്.
നൂറുകണക്കിന് വാഹനങ്ങൾ ഈ സമയങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകുന്നതായും, അപകടത്തിന് ശേഷം ടിപ്പർ ലോറിയുടെ അടിയിൽ കുടുങ്ങിയ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തതായും റിപ്പോർട്ടുണ്ട്.