Connect with us

News

രോഹിത്തിനെ പിന്തള്ളി; ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോലി

രോഹിത് ശര്‍മയെ പിന്നിലാക്കി

Published

on

ദുബായ്: ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ വിരാട് കോലി വീണ്ടും ഒന്നാം സ്ഥാനത്തെത്തി. മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ കോലിയുടെ മുന്നേറ്റത്തോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് ഇന്ത്യന്‍ വെറ്ററന്‍ താരം ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരേ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയ പ്രകടനമാണ് കോലിയെ വീണ്ടും റാങ്കിംഗിന്റെ മുകളിലെത്തിച്ചത്. കോലിക്ക് പിന്നില്‍ ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍ രണ്ടാം സ്ഥാനത്താണ്.

തുടര്‍ച്ചയായ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് 11-ാം  തവണയാണ് കോലി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയില്‍ 135, 102, പുറത്താകാതെ 65 എന്നീ സ്‌കോറുകളാണ് കോലി നേടിയത്. ഒക്ടോബറില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്നതും റാങ്കിംഗ് മുന്നേറ്റത്തിന് സഹായകമായി.
കഴിഞ്ഞ അഞ്ച് ഏകദിനങ്ങളില്‍ തുടര്‍ച്ചയായി അമ്പത് റണ്‍സ് കടന്ന കോലി ആകെ 469 റണ്‍സാണ് നേടിയത്. രണ്ട സെഞ്ചുറികളും മൂന്ന് അര്‍ധസെഞ്ചുറികളും ഇതിലുണ്ട്. നിലവില്‍ കോലിക്ക് 785 റേറ്റിംഗ് പോയിന്റുകളാണുള്ളത്. രോഹിത് ശര്‍മക്ക് 775 റേറ്റിംഗ് പോയിന്റുകളാണ്.

2013 ഒക്ടോബറിലാണ് കോലി ആദ്യമായി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തിയത്. ഇതുവരെ ആകെ 825 ദിവസം ഒന്നാം സ്ഥാനത്ത് തുടരുന്ന കോലി, ഏറ്റവും കൂടുതല്‍ ദിവസം ഒന്നാം റാങ്കിലിരുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാനായി തുടരുന്നു. ഐസിസിയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ നിലവില്‍ കോലി പത്താം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഒന്നാമത്.

അതേസമയം, ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ നേടിയ 84 റണ്‍സാണ് ഡാരില്‍ മിച്ചലിനെ രണ്ടം സ്ഥാനത്തെത്താന്‍ സഹായിച്ചത്. വരും മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം കൂടുതല്‍ ശക്തമാകുമെന്നാണ് സൂചന.ഇന്ത്യന്‍ താരങ്ങളില്‍ ശുഭ്മാന്‍ ഗില്‍ അഞ്ചാം സ്ഥാനത്താണ്. കെ.എല്‍. രാഹുല്‍ ഒരു സ്ഥാനം മുന്നേറി 11ാം സ്ഥാനത്തെത്തി. ബൗളിംഗ് റാങ്കിംഗില്‍ പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.

 

News

ദിവസേന അല്പം നടക്കുന്നതുപോലും അകാലമരണസാധ്യത കുറയ്ക്കുമെന്ന് പഠനം

ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരിലാണ് ഈ മാറ്റത്തിന്റെ ഗുണഫലം കൂടുതല്‍ വ്യക്തമായത്.

Published

on

ദിവസേന ദീര്‍ഘനേരം വെറുതെയിരിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങള്‍ ഉണ്ടാക്കുമെന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ വലിയ വ്യായാമങ്ങള്‍ ആവശ്യമില്ല ദിനചര്യയില്‍ ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുന്നതുപോലും അകാലമരണസാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. നോര്‍വേ, സ്വീഡന്‍, അമേരിക്ക, യു.കെ. ബയോബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള 1,35,000 പേരുടെ ആരോഗ്യവിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനം നടത്തിയത്.

ദിവസവും പത്ത് മണിക്കൂറോളം ഇരിക്കുന്നവര്‍ വെറുതെയിരിക്കുന്ന സമയം 30 മിനിറ്റ് കുറച്ചാല്‍ അകാലമരണ സാധ്യത ഏഴ് ശതമാനം വരെ കുറയ്ക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നു. ഉദാസീനമായ ജീവിതശൈലി പിന്തുടരുന്നവരിലാണ് ഈ മാറ്റത്തിന്റെ ഗുണഫലം കൂടുതല്‍ വ്യക്തമായത്. ഇവരില്‍ ദിവസേന വെറും അഞ്ച് മിനിറ്റ് അധികം നടക്കുന്നതുപോലും ആരോഗ്യനില മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ കണ്ടെത്തി. ദീര്‍ഘസമയം ഇരിക്കുന്നത് ഒഴിവാക്കാന്‍ ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നില്‍ക്കുക, അല്പനേരം നടക്കുക, നടന്നുകൊണ്ട് ഫോണ്‍ ചെയ്യുക, ലിഫ്റ്റിന് പകരം സ്‌റ്റെയര്‍കേസ് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ ശീലമാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു.

വ്യായാമം ഒഴിവാക്കുന്ന ഉദാസീന ജീവിതശൈലി അമിതവണ്ണം, ഹൃദ്രോഗങ്ങള്‍, ടൈപ്പ് 2 പ്രമേഹം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ചിലയിനം കാന്‍സറുകള്‍ എന്നിവയുടെ സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Continue Reading

News

‘അത് അറിഞ്ഞപ്പോള്‍ ശരിയാണെന്ന് തോന്നി’; സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള കമല്‍ ഹാസെന്റ ഉപദേശം പങ്കുവച്ച് മണിക്കുട്ടന്‍

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം പങ്കുവച്ചത്.

Published

on

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍ മണിക്കുട്ടന്‍, സാമ്പത്തിക ഭദ്രതയെക്കുറിച്ച് കമല്‍ ഹാസന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് മനസ്സുതുറന്നു. വരുമാനത്തേക്കാള്‍ അധികം ചെലവഴിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരാണ് ജീവിതത്തില്‍ സ്ഥിരതയോടെയും വിജയത്തോടെയും മുന്നേറുന്നതെന്നാണ് കമല്‍ ഹാസെന്റ നിലപാടെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

‘കായംകുളം കൊച്ചുണ്ണി’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ മണിക്കുട്ടന്‍, സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയായി മാറിയ താരം, ‘കാര്യം സാമ്പത്തികമാണ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം പങ്കുവച്ചത്.

തമിഴില്‍ തന്റെ അടുത്ത സുഹൃത്തായ ഒരു തിരക്കഥാകൃത്ത് വഴിയാണ് കമല്‍ ഹാസെന്റ ഉപദേശം അറിഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ലക്ഷ്വറി കാറുകള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടായിട്ടും അതിന് ഓടിയെത്താതെ, ആ പണം ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നവരാണ് ദീര്‍ഘകാലത്തില്‍ സാമ്പത്തികമായി സ്ഥിരതയുള്ളവരാവുന്നതെന്നായിരുന്നു കമല്‍ ഹാസെന്റ അഭിപ്രായമെന്ന് അദ്ദേഹം വിശദീകരിച്ചു.

‘ഈ കാര്യം ഞാന്‍ അറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി. സാമ്പത്തിക ബാധ്യത ഉണ്ടാക്കി വിലയേറിയ കാറുകള്‍ വാങ്ങുന്നതിന് പകരം, വില കുറഞ്ഞ ഒരു വാഹനം വാങ്ങി ബാക്കി പണം ലാഭകരമായ നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതം,’ എന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക അച്ചടക്കവും ദീര്‍ഘകാല ആസൂത്രണവും ജീവിതവിജയത്തിന് അനിവാര്യമാണെന്ന കമല്‍ ഹാസെന്റ സന്ദേശം തനിക്കും പ്രചോദനമായെന്നാണ് മണിക്കുട്ടന്റെ വാക്കുകള്‍.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണകൊള്ള; രണ്ടാം തവണയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി തള്ളി കോടതി

രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.

Published

on

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി കൊല്ലം വിജിലന്‍സ് കോടതി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമര്‍പ്പിച്ച ജാമ്യപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

Continue Reading

Trending