മോസ്‌കോ: ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ ശക്തമായ നിലപാടുമായി റഷ്യ. യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍ രാജ്യങ്ങളുമായി ഇറാന്‍ 2015-ല്‍ ഒപ്പുവെച്ച കരാര്‍ സംരക്ഷിക്കണമെന്ന് റഷ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. കരാര്‍ ലംഘിക്കപ്പെടുന്ന ‘അത്യന്തരം ഗുരുതരമായ’ സാഹചര്യം ഒഴിവാക്കാന്‍ യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തിറങ്ങണമെന്ന് റഷ്യന്‍ ഫെഡറേഷന്‍ കൗണ്‍സില്‍ പ്രസ്താവിച്ചു.

ഒബാമ യു.എസ് പ്രസിഡണ്ടായിരിക്കെ ഒപ്പുവെച്ച കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിക്കുന്നുണ്ടെന്ന കാര്യം സര്‍ട്ടിഫൈ ചെയ്യേണ്ടതില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതാണ് പുതിയ അനിശ്ചിതാവസ്ഥക്ക് കാരണം. അന്താരാഷ്ട്ര പരിശോധകര്‍ ഇറാന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ട്രംപ് ഇറാന്‍ വിരുദ്ധ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതോടെ, കരാര്‍ തകര്‍ച്ചയുടെ വക്കിലാണ്.

ഇറാനുമായുള്ള കരാര്‍ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും റദ്ദാക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും റഷ്യന്‍ പാര്‍ലമെന്റ് വിലയിരുത്തി. ഒപ്പുവെച്ച മറ്റ് അംഗങ്ങള്‍ ഇക്കാര്യത്തില്‍ യു.എസ്സിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.