പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം (SIT) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതി ഹർജി നൽകിയത്.
ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തില്ല. എന്നാൽ, പ്രതിക്കെതിരെ ശക്തമായ ജാമ്യവ്യവസ്ഥകൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കട്ടിളപ്പാളി കേസിൽ റിമാൻഡിൽ തുടരുന്നതിനാൽ, ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ചാലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണപ്പാളികളുടെ അളവ്, തൂക്കം തുടങ്ങിയ കാര്യങ്ങളിൽ വീണ്ടും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളും സമഗ്രമായി പരിശോധിക്കും. സന്നിധാനത്ത് രണ്ട് ദിവസം തങ്ങി വിശദമായ വിവരങ്ങൾ ശേഖരിക്കാനാണ് എസ്ഐടിയുടെ തീരുമാനം.
എസ്ഐടി തലവൻ എസ്പി ശശിധരൻ അടക്കമുള്ള ഉദ്യോഗസ്ഥർ ശബരിമലയിൽ എത്തിയാണ് അന്വേഷണം നടത്തുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ ഇന്നും കസ്റ്റഡിയിൽ വാങ്ങി എസ്ഐടി ചോദ്യം ചെയ്തു.