News

ശബരിമല സ്വർണക്കടത്ത്; ബാക്കിസ്വർണവും തട്ടാൻ പദ്ധതിയിട്ടു,ബെംഗളൂരുവിൽ പ്രതികളുടെ ഗൂഢാലോചന

By webdesk17

January 06, 2026

കൊച്ചി: ശബരിമല സ്വർണക്കടത്ത് കേസിൽ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ശ്രീകോവിലിൽ അവശേഷിച്ച ബാക്കിയുള്ള സ്വർണംകൂടി കവർന്നെടുക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നുവെന്ന് എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. കേസ് ഹൈക്കോടതി പരിഗണനയിലെത്തിയ ഘട്ടത്തിൽ പ്രതികളായ മൂന്ന് പേർ ബെംഗളൂരുവിൽ വെച്ച് രഹസ്യയോഗം ചേർന്നു ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ ഉൾപ്പെട്ടാൽ തുടർനടപടികൾ എങ്ങനെ നേരിടണമെന്നതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തുവെന്നാണ് കണ്ടെത്തൽ.

ദ്വാരപാലക ശില്പങ്ങളിലെയും ഏഴ് ഭാഗങ്ങളടങ്ങുന്ന കട്ടിളപ്പാളികളിലെയും ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ ഘടകങ്ങളിൽ നിന്നുമാണ് സ്വർണം കവർന്നെടുക്കാൻ ഗൂഢാലോചന നടന്നത്. കട്ടിളപ്പാളിയിൽ നിന്ന് 409 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് ശങ്കർ എന്ന വിദഗ്ധൻ വേർതിരിച്ചെടുത്തതായും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.

ഇതിന് പിന്നാലെ സ്വർണം ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്റെ കൈകളിലെത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിൽ 15 പ്രതികളും, കട്ടിളപ്പാളിയിൽ നിന്നുള്ള സ്വർണക്കടത്ത് കേസിൽ 12 പ്രതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി.