kerala

സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ല; വിദ്യാഭ്യാസ മന്ത്രി

By webdesk14

December 21, 2025

തിരുവനന്തപുരം: ചില സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടയാനുള്ള സംഘപരിവാര്‍ നീക്കം അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇക്കാര്യ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. രേഖാമൂലം അല്ലാതെയും രക്ഷാകര്‍ത്താക്കള്‍ പരാതി അറിയിച്ചു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു കാര്യം കേട്ടുകേള്‍വിയില്ലാത്തതാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യന്‍ മോഡലുകള്‍ കേരളത്തിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.

ജാതിമത ചിന്തകള്‍ക്കപ്പുറം കുട്ടികള്‍ ഒന്നിച്ചിരുന്ന് പഠിക്കുകയും ഒന്നിച്ച് വളരുകയും ചെയ്യുന്നതാണ് നമ്മുടെ വിദ്യാലയങ്ങള്‍. അവിടെ വേര്‍തിരിവിന്റെ വിത്തുകള്‍ പാകുന്നത് അംഗീകരിക്കാനാകില്ല. ഓണവും ക്രിസ്മസും പെരുന്നാളുമെല്ലാം കേരളത്തിലെ വിദ്യാലയങ്ങളില്‍ ഒരുപോലെ ആഘോഷിക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിക്കുന്നത് ഇത്തരം ഒത്തുചേരലുകളില്‍ നിന്നാണ്. ക്രിസ്മസ് ആഘോഷത്തിന് കുട്ടികള്‍ നിന്ന് പണം പിരിച്ച ശേഷം പരിപാടി വേണ്ടെന്ന് വയ്ക്കുന്നത് കുട്ടികളോടുള്ള ക്രൂരമായ നടപടിയാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവിദ്യാലയങ്ങള്‍ക്കും ബാധ്യതയുണ്ട്.

‘എയ്ഡഡ് സ്‌കൂളായാലും അണ്‍ എയ്ഡഡ് സ്‌കൂളായാലും പ്രവര്‍ത്തിക്കുന്നത് ഈരാജ്യത്തെ നിയമത്തിനനുസരിച്ചും വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കും അനസുരിച്ചാണ്. സങ്കുചിത രാഷ്ട്രീയ വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയത്തെ മാറ്റിയാല്‍ കര്‍ശനനടപടിയെടുക്കും. എതെങ്കിലും ഒരുമതത്തിന്റെ ആഘോഷത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നത് വിവേചനമാണ്. ഇത്തരം വിവേചനം വച്ചുപുലര്‍പ്പിക്കില്ല. ഇക്കാര്യത്തില്‍ അടിയന്തരമായ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവരോട് നിര്‍ദേശം നല്‍കും. കുട്ടികളെ കുട്ടികളെയായി കാണുക. അവരെ വര്‍ഗീയതയുടെ കളളികളില്‍ ഒതുക്കാതിരിക്കുക’ – വി ശിവന്‍കുട്ടി പറഞ്ഞു.