മുംബൈ: ഇന്ത്യന്‍ ഏകദിന വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വീണ്ടും വൈകുന്നു. സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ ഫീല്‍ഡിങ്ങിനിടെയേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ശ്രേയസ്, ന്യൂസിലന്‍ഡിനെതിരായ ജനുവരിയിലെ ഏകദിന പരമ്പരയില്‍ നിന്ന് പുറത്താകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്ന താരത്തിന്റെ ശരീരഭാരം ഏകദേശം ആറു കിലോയോളം കുറഞ്ഞിരുന്നു. പരിക്കില്‍ നിന്ന് മോചിതനായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചെങ്കിലും പൂര്‍ണമായ കായികക്ഷമത ഇതുവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. 30 കാരനായ ശ്രേയസ് ശരീരഭാരം ഭാഗികമായി തിരിച്ചുപിടിച്ചെങ്കിലും മത്സരത്തിനുള്ള ക്ലിയറന്‍സ് ലഭിക്കാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി കളിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മെഡിക്കല്‍ സംഘത്തിന്റെ അനുമതി താരത്തിന് ലഭിച്ചില്ല. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിക്കേണ്ടതുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി ഒമ്പതിനാകും ബിസിസിഐയുടെ അന്തിമ അനുമതി ലഭിക്കുക എന്നാണ് വിവരം. ഇത് കീവീസിനെതിരായ ഏകദിന പരമ്പര തുടങ്ങുന്നതിന് വെറും രണ്ടു ദിവസം മുമ്പാണ്.
ജനുവരി 11, 14, 18 തീയതികളിലാണ് ഇന്ത്യ–ന്യൂസിലന്‍ഡ് ഏകദിന മത്സരങ്ങള്‍. പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ജനുവരി മൂന്നോ നാലോ പ്രഖ്യാപിച്ചേക്കും. ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലും ശ്രേയസ് അയ്യര്‍ ഇടം നേടിയിട്ടില്ല. ഇതോടെ വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് ഘട്ടത്തിലൂടെയാകും താരം മത്സര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുക എന്നതാണ് സാധ്യത.
ശ്രേയസ് അയ്യറുടെ അഭാവത്തില്‍ നാലാം നമ്പറില്‍ ഋതുരാജ് ഗെയ്ക്വാദാകും കളിക്കുക. റാഞ്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഋതുരാജ് സെഞ്ച്വറി നേടിയിരുന്നു.
ഏകദിന പരമ്പരയ്ക്ക് പിന്നാലെ കീവീസിനെതിരെ അഞ്ച് ട്വന്റി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ട്വന്റി20 ലോകകപ്പിനുള്ള ടീമിനെയാണ് ഈ പരമ്പരയ്ക്കും നിലനിര്‍ത്തുന്നത്.
ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍, റിങ്കു സിങ്.