business

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇളവ്

By webdesk18

December 29, 2025

സംസ്ഥാനത്ത് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവിലയില്‍ നേരിയ ഇളവ്. ഗ്രാമിന് 65 രൂപ കുറഞ്ഞ് 12,990 രൂപയായി. പവന്റെ വിലയില്‍ 520 രൂപയുടെ കുറവുണ്ടായി. 1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വര്‍ണവില കുറയുന്നത്.

ആഗോളവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് 4,512.74 ഡോളറായി അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വര്‍ണത്തില്‍ ഉണ്ടായിട്ടുണ്ട്.

സ്‌പോട്ട് സില്‍വറിന്റെ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 1.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ റെക്കോഡ് നിരക്കായ 83.62 ഡോളറിലേക്ക് വെള്ളിയെത്തിയിരുന്നു. നിരവധി ഘടകങ്ങള്‍ നിലവില്‍ സ്വര്‍ണത്തിന്റേയും വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നതിന് കാരണമാവുന്നുണ്ട്. അതില്‍ പ്രധാനകാരണം സെലന്‍സ്‌കി-ട്രംപ് കൂടിക്കാഴ്ചയാണ്.

ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെയ്ന്‍-റഷ്യ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന സൂചന ട്രംപ് നല്‍കിയിരുന്നു. യുദ്ധം അവസാനിച്ചാല്‍ അത് ഓഹരി വിപണികളില്‍ ഉള്‍പ്പടെ ഉണര്‍വുണ്ടാക്കും. ഇത് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വര്‍ണത്തിന്റെ വിലയില്‍ വലിയ വ്യതിയാനങ്ങളാണ് വരുത്തുന്നത്.