ആലപ്പുഴ: അഞ്ച് വര്‍ഷമായി തുടര്‍ന്നുവരുന്ന കടുത്ത വയറുവേദനയ്ക്ക് പിന്നില്‍ ശസ്ത്രക്രിയാ പിഴവാണെന്ന ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. പുന്നപ്ര സ്വദേശിനിയായ ഉഷാ ജോസഫിന്റെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവമാണ് വിവാദമായത്.
2021 മെയ് 5-ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഉഷയ്ക്ക് നിരന്തരം വയറുവേദന അനുഭവപ്പെട്ടു. വര്‍ഷങ്ങളോളം വേദനാശമന മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് അവര്‍ മുന്നോട്ട് പോയത്.
വേദന ശക്തമായതിനെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ സമീപിച്ചപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടക്കി അയച്ചതായി കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് വയറ്റില്‍ കത്രികയുണ്ടെന്ന വിവരം പുറത്തുവന്നത്. ബുധനാഴ്ച എടുത്ത എക്‌സറേയിലൂടെയാണ് കത്രിക വ്യക്തമായത്.
സംഭവത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്ക് പോകാന്‍ ഭയമാണെന്ന് ഉഷ വ്യക്തമാക്കുന്നു.
സംഭവത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതിയുടെ കുടുംബം അറിയിച്ചു.