കോഴിക്കോട്: മദ്രസയില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയെ മുഖത്തടിച്ചു പരിക്കേല്‍പ്പിച്ചുവെന്ന കേസില്‍ മദ്രസാധ്യാപകന് അഞ്ച് കൊല്ലം തടവും ഒരു ലക്ഷം രൂപ പിഴയും. കരുവാരക്കുണ്ട് പുലിയോടന്‍ വീട്ടില്‍ പി. മുഹമ്മദ് ഷബീബ് ഫൈസിയെയാണ് (27) സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ആക്രമണം തടയാനുള്ള പ്രത്യേക കോടതി ശിക്ഷിച്ചത്.

പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും പിഴയടച്ചില്ലെങ്കില്‍ ഒരുകൊല്ലം കൂടി പ്രതി തടവനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2014 ജനുവരി ഒന്നിന് നല്ലളം ബസാറിലെ മദ്രസയില്‍ വെച്ച് ദ നെയിം ഓഫ് ഗോഡ് എന്നത് ഗുഡ് എന്ന് തെറ്റായി വായിച്ചതിന് മുഖത്തടിച്ചുവെന്നാണ് കേസ്. ചെവിക്ക് പരിക്കേറ്റ കുട്ടി ആദ്യം വീട്ടില്‍ സംഭവം അറിയിച്ചെങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാല്‍ വേദന കൂടി ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഗുരുതര പരിക്കേറ്റതായി കണ്ടതോടെ രക്ഷിതാക്കള്‍ നല്ലളം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഷിബു ജോര്‍ജ് ഹാജരായി. പ്രോസിക്യൂഷന്‍ 11 സാക്ഷികളെ വിസ്തരിച്ച കേസില്‍ 10 രേഖകള്‍ ഹാജരാക്കി.