ഓസ്‌ട്രേലിയന്‍ ഓപണര്‍ ഡേവിഡ് വാര്‍ണറെ  പുറത്താക്കാന്‍ സൗത്താഫ്രിക്കന്‍ താരം ടെംബ ബാവുമയുടെ ഫീല്‍ഡിങ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. സ്ലിപ്പില്‍ ഞൊടിയിടയില്‍ പറന്നുള്ള ആ റണ്‍ഔട്ട് ഫീല്‍ഡിങ് ഇതിഹാസം ജോണ്ടി റോഡ്‌സിനെ ഓര്‍മപ്പെടുത്തുന്നതായി ക്രിക്കറ്റ് പണ്ഡിതര്‍.

ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ഈ ഉജ്വല ഫീല്‍ഡിങ്. ദക്ഷിണാഫ്രിക്കയുടെ 539 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു ഈ റണ്‍ഔട്ട്. ഓഫ്‌സൈഡിലേക്ക് തട്ടിയിട്ട് സിംഗിളിന് ശ്രമിച്ച വാര്‍ണറെ ഓടിയെത്തിയ ബാവുമ പറന്ന പന്ത് പിടിച്ച് അതേ വേഗതയില്‍ ബൗളിങ് എന്‍ഡിലെ വിക്കറ്റ് തെറിപ്പിച്ചു.

ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 92/2 റണ്‍സെന്ന നിലയിലാണ് ഓസ്‌ട്രേലിയ. രണ്ട് ദിവസം ശേഷിക്കെ ജയിക്കാന്‍ ഇനിയും 443 റണ്‍സ് വേണം.