News

ഇന്ത്യയും ഇറാനും തമ്മില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം; ഇറാന്റെ പരമോന്നത നേതാവിന്റെ വക്താവ്

By Lubna Sherin K P

January 24, 2026

ഇന്ത്യയുമായി നിലവിലുള്ളത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമെന്ന് ഇറാന്‍ പരമോന്നത നേതാവിന്റെ വക്താവ് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി. ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം നൂറുകണക്കിനു വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്ന് അബ്ദുല്‍ മജീദ് ഹക്കീം ഇലാഹി പറഞ്ഞു.

ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ ഇറാനില്‍ പഠിച്ചിട്ടുണ്ടെന്നും രണ്ട് പുരാതന നാഗരികതകള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇറാനിലെ ജനങ്ങള്‍ എപ്പോഴും പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും ഇന്ത്യയും തമ്മില്‍ നല്ല ബന്ധവും സഹകരണവും വേണമെന്ന് ഇറാന്റെ പരമോന്നത നേതാവ് എപ്പോഴും നിര്‍ബന്ധിക്കുന്നു…ചാബഹാറില്‍ അവര്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു…ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന്റെയും സഹകരണത്തിന്റെയും ചരിത്രം  3,000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. ആ സമയത്തും ഞങ്ങള്‍ ഇന്ത്യയുടെ തത്വശാസ്ത്ര പുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നു.

‘സര്‍വകലാശാലയില്‍ പോലും ഞങ്ങള്‍ ഇന്ത്യയുടെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ പഠിച്ചു, ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലും ഞങ്ങള്‍ നിങ്ങളുടെ നാഗരികത, നിങ്ങളുടെ അറിവ് എന്നിവ ഉപയോഗിച്ചു, ഞങ്ങളുടെ സ്‌കൂളുകളിലൂടെ ഇറാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഞങ്ങള്‍ എല്ലായ്‌പ്പോഴും പഠിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിലെ സാഹചര്യം ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പറയുന്നത് പോലെയല്ല. മാധ്യമങ്ങള്‍ ഉള്‍പ്പടെ ഭാവനാപരമായ കാര്യങ്ങളാണ് ഇറാനെ കുറിച്ച് പ്രചരിപ്പിക്കുന്നത്. ഇറാനില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനില്‍ നടന്ന കലാപങ്ങളില്‍ ചില ആളുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം എത്രയാണെന്ന് പ്രവചിക്കാനാവില്ല. ആദ്യം ഇറാനിലെ സിവിലയന്‍സിനെയും പൊലീസുകാരേയും ബിസിനസുകാരേയും ആക്രമിച്ച് അവര്‍ കൊല്ലപ്പെടുത്തി. യു.കെയിലേയും യു.എസിലേയും യുറോപ്യന്‍ രാജ്യങ്ങളിലേയും ചില സംഘടനകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.