വാഷിങ്ടണ്‍: അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികളെ കടന്നാക്രമിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യ ഇടപെട്ടുവെന്ന വിവരം ഏറെ വൈകിയാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ തന്നെ അറിയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ചിലപ്പോള്‍ കേസുണ്ടാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് അദ്ദേഹം ട്വിറ്ററില്‍ പരിഹസിക്കുകയും ചെയ്തു. എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് കാലതാമസം നേരിട്ടിട്ടില്ലെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പില്‍ ട്രംപിനെ സഹായിക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഹിലരി ക്ലിന്റനും നേരെ സൈബറാക്രമണം നടത്തിയത് റഷ്യയാണെന്ന് സി.ഐ.എയും എഫ്.ബി.ഐയുമടക്കം അമേരിക്കയിലെ നിരവധി ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉറച്ചു വിശ്വസിക്കുന്നു. തുടക്കത്തില്‍ റഷ്യക്കെതിരായ റിപ്പോര്‍ട്ട് തെറ്റാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ ട്രംപ് ഇപ്പോള്‍ സ്ഥിതിഗതികള്‍ വിലിയിരുത്തുന്നതിന് ഇന്റലിജന്‍സ് മേധാവിമാരെ കാണാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

അതിനിടെ, തെരഞ്ഞെടുപ്പ് കാലത്ത് പുറത്തുവിട്ട ഡെമോക്രാറ്റിക് ഇമെയിലുകള്‍ ലഭിച്ചത് റഷ്യയില്‍നിന്ന് അല്ലെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ചെ വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് റഷ്യയുടെ 35 നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു. മറുപടിയായി യു.എസ് ഉദ്യോഗസ്ഥരെ പുറത്താക്കാതെയാണ് റഷ്യ തിരിച്ചടിച്ചത്. ട്രംപ് പ്രസിഡന്റാകുന്നതുവരെ കാത്തിരിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്റെ തീരുമാനം.