ജോ ബൈഡൻ അമേരിക്കയിൽ അധികാരത്തിലേറുന്നതിന്റെ തൊട്ടു മുൻപ് വീട്ടിലേക്ക് മടങ്ങാൻ ട്രംപ് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. ഇതിനായി പതിവു രീതികളിൽ മാറ്റം വരുത്തി എയർഫോഴ്‌സ് വണ്ണിൽ ഫ്‌ലോറിഡക്ക് പറക്കാനൊരുങ്ങുകയാണ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പുതിയ പ്രസിഡൻറായി ജോ ബൈഡൻ അധികാരത്തിലേറുന്നതിന് മണിക്കൂറുകൾക്ക് മുൻപായിരിക്കും ഈ മടക്കയാത്രയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എയർഫോഴ്‌സ് വൺ ഉപയോഗിക്കുന്ന പതിവ് ഇല്ലെങ്കിലും ട്രംപ് ഈ പതിവ് തെറ്റിക്കുമെന്നാണ് ദി ഗാർഡിയൻ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫ്‌ലോറിഡയിലെ വീട്ടിലേക്കായിരിക്കും മടങ്ങുന്നതെന്നാണ് റിപ്പോർട്ട്.

ഫ്‌ലോറിഡയിലെ തന്റെ പാം ബീച്ച് റിസോട്ടിലെ മാർ എ ലാഗോയിലാവും ട്രംപ് താമസിക്കുകയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മകൾ ഇവാൻകയും മരുമകൻ ജരേഡ് കുഷ്‌നറും ട്രംപിനെ അനുഗമിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോ ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങുകളിൽ പങ്കെടുക്കില്ലെന്ന് ട്രംപ് ഇതിനോടകം വിശദമാക്കിയിട്ടുണ്ട്. ജനുവരി 20 ന് തന്നെ ട്രംപ് വാഷിംങ്ടൺ വിടുമെന്നാണ് വിവരമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

എന്നാൽ മടങ്ങുന്നതിന് മുൻപ് 21 ഗൺ സല്യൂട്ടും റെഡ് കാർപെറ്റും മിലിട്ടറി ബാൻഡും അടക്കമുളള അഭിവാദ്യം സ്വീകരിക്കും. വൈറ്റ് ഹൌസിലെ പല ജീവനക്കാരും ട്രംപിനെ ഫ്‌ലോറിഡയിലെ വീട്ടിലേക്ക് അനുഗമിക്കുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. ഫ്‌ലോറിഡയിലെത്തിയ ശേഷം ട്രംപ് എന്ത് ചെയ്യാനൊരുങ്ങുമെന്നത് കണ്ടറിയണമെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്തായാലും ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരോടൊപ്പം കുറച്ച് കാലം ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.

എന്തായാലും തിരക്കേറിയ പാക്കിംഗിലാണ് വൈറ്റ് ഹൌസ് ജീവനക്കാരെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട്. ട്രംപ് പങ്കെടുക്കില്ലെങ്കിലും, ബൈഡന്റെ സ്ഥാനോരോഹണ ചടങ്ങിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ട്രംപിന്റെ നിലപാടിനെ സ്വാഗതം ചെയ്ത നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ മൈക്ക് പെൻസിനെ അഭിന്ദിക്കുകയും ചെയ്തിരുന്നു.