News

അണ്ടർ 19 ലോകകപ്പ് സന്നാഹം: മഴക്കളിയിൽ ഇംഗ്ലണ്ടിന് 20 റൺസ് ജയം, ഇന്ത്യക്ക് തോൽവി

By sreenitha

January 12, 2026

അണ്ടർ 19 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 20 റൺസിന്റെ തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 295 റൺസെടുത്തെങ്കിലും, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 34.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്ത നിലയിൽ നിൽക്കേ മഴ കളി തടസപ്പെടുത്തി. തുടർന്ന് മത്സരം പുനരാരംഭിക്കാനാകാതിരുന്നതോടെ ഡക്‌വർത്ത്–ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ 20 റൺസിന് വിജയികളായി പ്രഖ്യാപിച്ചു.

296 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് വേണ്ടി ജോസഫ് മൂർസ് (46), ബെൻ മയേഴ്സ് (34), തോമസ് റ്യൂവ് (66 പന്തിൽ 71*) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. മഴ മൂലം കളി നിർത്തുമ്പോൾ ഡക്‌വർത്ത്–ലൂയിസ് നിയമപ്രകാരം ആവശ്യമായ സ്കോറിനെക്കാൾ 20 റൺസ് മുൻപിലായിരുന്നു ഇംഗ്ലണ്ട്. ഇന്ത്യക്കായി ഖിലൻ പട്ടേൽ രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ഇന്ത്യക്കായി അഭിഗ്യാൻ കുണ്ഡു 82 റൺസുമായി ടോപ് സ്‌കോററായി. ക്യാപ്റ്റൻ ആയുഷ് മാത്രെ 49 റൺസും ആർ. എസ്. അംബ്രീഷ് 48 റൺസും കനിഷ്‌ക് ചൗഹാൻ 45 റൺസും നേടി.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറിൽ തന്നെ തിരിച്ചടിയേറ്റു. മികച്ച ഫോമിലായിരുന്ന കൗമാരതാരം വൈഭവ് സൂര്യവൻഷി നാല് പന്തിൽ ഒരു റൺ മാത്രം നേടി പുറത്തായി. കഴിഞ്ഞ സന്നാഹ മത്സരത്തിൽ 50 പന്തിൽ 96 റൺസടിച്ച് തിളങ്ങിയ വൈഭവിന് ഇംഗ്ലണ്ടിനെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ഇംഗ്ലണ്ടിനായി ജെയിംസ് മിന്റോ അഞ്ച് വിക്കറ്റും സെബാസ്റ്റ്യൻ മോർഗൻ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം സ്കോട്‌ലൻഡിനെതിരെയായിരുന്നു. ഇന്ത്യൻ ബാറ്റിംഗിന് ശേഷം മഴ തടസപ്പെടുത്തിയ ആ മത്സരത്തിൽ ഡക്‌വർത്ത്–ലൂയിസ് നിയമപ്രകാരം 121 റൺസിനാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്.