Connect with us

Health

‘തലവേദന ഭീഷണിയല്ല, ജാഗ്രതയാണ് മരുന്ന്’: മൈഗ്രെയ്ന്‍ മുതല്‍ അപകട സൂചനകള്‍ വരെ— അറിയേണ്ടതെല്ലാം

98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.

Published

on

തലവേദന അനുഭവിക്കാത്തവരായി വിരളം. ചിലപ്പോള്‍ അത്രമേല്‍ കഠിനമായ തലവേദന ദിനചര്യ തന്നെ താളം തെറ്റിക്കും. എന്നാല്‍ ആശ്വാസകരമായ വസ്തുതയുണ്ട്— 98 ശതമാനം തലവേദനകളും അപകടകരമല്ല. ശരിയായ രോഗനിര്‍ണയവും ചികിത്സയും ഉണ്ടെങ്കില്‍ ഭൂരിഭാഗം തലവേദനകളും എളുപ്പത്തില്‍ നിയന്ത്രിക്കാനാകും.

ഡോക്ടര്‍മാരുടെ വിലയിരുത്തലില്‍ തലവേദനയുടെ പ്രധാന കാരണങ്ങളില്‍ 80 ശതമാനവും പിരിമുറുക്കം മൂലമുള്ളതാണ്. മൈഗ്രെയ്ന്‍ (ചെന്നിക്കുത്ത്) 15 ശതമാനം വരെ വരുന്നു. സൈനസൈറ്റിസ്, ക്ലസ്റ്റര്‍ തലവേദന തുടങ്ങിയവയും മറ്റു കാരണങ്ങളാണ്.

എന്നാല്‍ ചില തലവേദനകള്‍ അപകട സൂചനകളായേക്കാം. പെട്ടെന്ന് തുടങ്ങുന്ന അതികഠിന വേദന, ദിവസങ്ങളോളം ക്രമേണ വര്‍ധിക്കുന്ന തലവേദന, ഛര്‍ദ്ദി, ഫിറ്റ്‌സ്, ഒരു വശത്ത് ബലഹീനത, ബോധം നഷ്ടപ്പെടല്‍, കാഴ്ചയിലോ പെരുമാറ്റത്തിലോ മാറ്റങ്ങള്‍ എന്നിവയോടൊപ്പമുള്ള തലവേദനകള്‍ ഗൗരവമായി കാണണം. ലളിതമായ വേദനസംഹാരികള്‍ക്ക് വഴങ്ങാത്ത തലവേദനകളും പരിശോധന അനിവാര്യമാക്കുന്നു.

ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്നതിലൊന്നാണ് മൈഗ്രെയ്ന്‍. ആഗോളതലത്തില്‍ 15 ശതമാനം ആളുകള്‍ക്ക് ജീവിതത്തിലെ ഏതെങ്കിലും ഘട്ടത്തില്‍ മൈഗ്രെയ്ന്‍ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നെറ്റിത്തടത്തില്‍ വിങ്ങലോടെ ആരംഭിക്കുന്ന ഈ വേദന മണിക്കൂറുകളില്‍ നിന്ന് ദിവസങ്ങളോളം നീണ്ടുനില്‍ക്കാം. മനംപുരട്ടല്‍, ഛര്‍ദ്ദി, വെളിച്ചം-ശബ്ദ അസഹിഷ്ണുത എന്നിവയും അനുബന്ധമായി കാണപ്പെടും.

പാരമ്പര്യം, ഹോര്‍മോണ്‍ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, വിശപ്പ്, ഉറക്കക്കുറവ്, ചില ഭക്ഷണങ്ങള്‍, സൂര്യപ്രകാശം, രൂക്ഷഗന്ധങ്ങള്‍ തുടങ്ങിയവയാണ് മൈഗ്രെയ്ന്‍ ഉണര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. സ്ത്രീകളിലാണ് മൈഗ്രെയ്ന്‍ കൂടുതലായി കണ്ടുവരുന്നത്.

ചികിത്സയില്‍ ഏറ്റവും പ്രധാനപ്പെട്ടത് ട്രിഗര്‍ ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നതാണ്. വേദന തുടങ്ങുന്ന ആദ്യഘട്ടത്തില്‍ തന്നെ മരുന്ന് കഴിക്കുമ്പോള്‍ ഫലപ്രാപ്തി കൂടുതലായിരിക്കും. ആവര്‍ത്തിച്ച് മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് തന്നെ പുതിയ തലവേദനയ്ക്ക് കാരണമാകുമെന്നതിനാല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് ഉപയോഗിക്കുന്നത് അപകടകരമാണെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.

മരുന്നിനൊപ്പം ജീവിതശൈലി മാറ്റങ്ങളും മൈഗ്രെയ്ന്‍ നിയന്ത്രണത്തില്‍ നിര്‍ണായകമാണ്. ആവശ്യമായ ഉറക്കം, മാനസിക സമ്മര്‍ദ്ദ നിയന്ത്രണം, വ്യായാമം, യോഗ, റിലാക്സേഷന്‍ തെറാപ്പികള്‍ എന്നിവയും സഹായകരമാണ്.

തലവേദനയെ നിസാരമായി കാണാതെ, കാരണം കണ്ടെത്തി ശരിയായ ചികിത്സ സ്വീകരിക്കുകയാണ് ആരോഗ്യത്തിലേക്കുള്ള ഏറ്റവും സുരക്ഷിതമായ വഴി.

Health

ഉച്ചഭക്ഷണത്തിന് ശേഷം മയക്കം? അലസതയല്ല, ശരീരത്തിലെ ‘ദഹന അലാറമാണ്’ കാരണം

ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.

Published

on

ഉച്ചയ്ക്ക് നല്ലൊരു ഊണു കഴിച്ച ശേഷം കണ്ണുകൾ അടഞ്ഞുവരുന്നതും ചിന്ത മന്ദഗതിയിലാകുന്നതും പലരും സ്വന്തം അലസതയെന്ന് കരുതാറുണ്ട്. എന്നാൽ ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്, ഇത് സ്വഭാവദൗർബല്യമല്ല; ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങളുടെ ഫലമാണെന്നാണ്.

കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലുള്ള ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ മുഴുവൻ ശ്രദ്ധ ദഹനപ്രക്രിയയിലേക്കു മാറും. ഈ ഘട്ടത്തിൽ ദഹനത്തിനാവശ്യമായ രക്തയോട്ടം കുടലിലേക്കു വർധിക്കുകയും, തലച്ചോറിലേക്കുള്ള രക്തവും ഓക്‌സിജനും ഗ്ലൂക്കോസും കുറയുകയും ചെയ്യുന്നു. ഇതാണ് ഭക്ഷണത്തിന് ശേഷമുള്ള മയക്കത്തിനും ചിന്താശേഷിയിലെ താൽക്കാലിക മന്ദതയ്ക്കും കാരണം.

പലവിധ ഭക്ഷണങ്ങൾ അടങ്ങിയ ഊണായാൽ ദഹനപ്രക്രിയ കൂടുതൽ സജീവമാകുകയും ശരീരത്തിന് അധിക ഓക്‌സിജൻ ആവശ്യമായി വരികയും ചെയ്യും. ഹൃദയം സാധാരണ രീതിയിൽ പ്രവർത്തിച്ചാലും, പമ്പ് ചെയ്യുന്ന രക്തത്തിന്റെ വലിയൊരു ഭാഗം ദഹന പ്രവർത്തനങ്ങൾക്കായി കുടലിലേക്കു തിരിയുന്നതോടെ തലച്ചോറിന്റെ പ്രവർത്തനം കുറച്ചുനേരത്തേക്ക് മന്ദഗതിയിലാകും.

കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിച്ചതിന് ശേഷം രക്തത്തിലെ ഗ്ലൂക്കോസ് അളവ് ഉയരുകയും ഇൻസുലിൻ സ്രവണം വർധിക്കുകയും ചെയ്യുന്നു. ഇതോടെ രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസ് നീക്കം ചെയ്യപ്പെടുമ്പോൾ ചിലരിൽ തലച്ചോറിന്റെ പ്രവർത്തനം കൂടുതൽ ബാധിക്കപ്പെടുകയും ഉറക്കക്ഷീണം ഉണ്ടാകുകയും ചെയ്യും.

അതേസമയം, പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും അടങ്ങിയ സമതുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതും, ഉച്ചഭക്ഷണത്തിന് ശേഷം ചെറിയ നടപ്പ് പോലുള്ള ലഘു ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും ഈ മയക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

Continue Reading

Health

വെള്ളം എങ്ങനെ കുടിക്കണം? ഇരുന്ന് കുടിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ

മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്.

Published

on

വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അത് എങ്ങനെ കുടിക്കുന്നു എന്നതും ശരീരാരോഗ്യത്തിൽ നിർണായക പങ്കുവഹിക്കുന്നു. മനുഷ്യശരീരത്തിന്റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീരത്തിലെ ജലനിരപ്പ് കുറയുമ്പോൾ ആന്തരിക പ്രവർത്തനങ്ങൾ താളം തെറ്റുകയും തലച്ചോറിന്റെ പ്രവർത്തനം പോലും ബാധിക്കപ്പെടുകയും ചെയ്യും. ആവശ്യമായ വെള്ളം ലഭിക്കാത്ത അവസ്ഥ നീണ്ടുനിൽക്കുകയാണെങ്കിൽ നിർജ്ജലീകരണം ഗുരുതരമായി മാറി ബോധക്ഷയം, അപസ്മാരം, ഹൈപ്പോവോലെമിക് ഷോക്ക്, അവയവങ്ങളുടെ തകരാർ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത് അടിയന്തര വൈദ്യസഹായം ആവശ്യമായ അവസ്ഥയാണെന്നും അവർ വ്യക്തമാക്കുന്നു.

ഇരുന്ന് വെള്ളം കുടിക്കുമ്പോൾ

ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തിൽ വെള്ളം ഇരുന്ന് കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ഇങ്ങനെ കുടിക്കുമ്പോൾ പേശികളും നാഡീവ്യൂഹവും ശാന്താവസ്ഥയിലായിരിക്കും. പതുക്കെ കുടിക്കുന്ന വെള്ളം ദഹനവ്യവസ്ഥയിലേക്ക് ക്രമബദ്ധമായി എത്തുകയും ആമാശയത്തിലെ ദഹനരസങ്ങളുമായി നന്നായി കലരുകയും ചെയ്യും. ഭക്ഷണത്തിന് ശേഷം ഇരുന്ന് വെള്ളം കുടിക്കുന്നത് അമിതമായ ഗ്യാസുണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കും. കൂടാതെ, വൃക്കകൾക്ക് ദ്രാവകങ്ങൾ കാര്യക്ഷമമായി അരിച്ചെടുക്കാൻ ഇരുന്ന് കുടിക്കുന്നത് സഹായകരമാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ

നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോൾ അത് വലിയ വേഗത്തിൽ ആമാശയത്തിലേക്ക് പതിക്കാം. ഇത് ആമാശയഭിത്തികൾക്കും അന്നനാളത്തിനും സമ്മർദം സൃഷ്ടിക്കാനിടയാക്കും. വെള്ളം വേഗത്തിൽ ശരീരത്തിലൂടെ കടന്നുപോകുന്നതിനാൽ വൃക്കകൾക്ക് അത് ശരിയായി അരിച്ചെടുക്കാൻ സമയം ലഭിക്കാതെ വരുകയും മാലിന്യങ്ങൾ അടിഞ്ഞുകൂടാൻ സാധ്യത വർധിക്കുമെന്നും വിദഗ്ധർ പറയുന്നു. ആയുർവേദം പ്രകാരം, നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് സന്ധികളിലെ ദ്രാവക സന്തുലിതാവസ്ഥയെ ബാധിച്ച് ഭാവിയിൽ സന്ധിവേദനക്കും വാതത്തിനും കാരണമാകാം.

വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഒറ്റയടിക്ക് കൂടുതലായി വെള്ളം കുടിക്കുന്നതിനു പകരം ഓരോ സിപ്പായി പതുക്കെ കുടിക്കുകയാണ് ഉചിതം. അതുപോലെ, അതിയായി തണുത്ത വെള്ളം ഒഴിവാക്കണം. മുറിയിലെ താപനിലയിലുള്ള വെള്ളമോ നേരിയ ചൂടുവെള്ളമോ ദഹനത്തിന് കൂടുതൽ അനുയോജ്യമാണ്. ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളെ നേർപ്പിക്കുമെന്നതിനാൽ, ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

Continue Reading

Health

വിട്ടുമാറാത്ത തലവേദന; മരുന്നുകളല്ല, തെറ്റായ ശീലങ്ങളാണ് യഥാര്‍ത്ഥ കാരണം

ശരീരത്തിലെ ജലാംശക്കുറവ് അഥവാ നിര്‍ജലീകരണവും തലവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

Published

on

വിട്ടുമാറാത്ത തലവേദന ഇന്ന് പ്രായഭേദമന്യേ അനേകം ആളുകളെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യപ്രശ്നമായി മാറിക്കഴിഞ്ഞു. ചെറിയ അസ്വസ്ഥതയായി ആരംഭിക്കുന്ന തലവേദന പലര്‍ക്കും ദിവസേനയുള്ള ജോലികളും സാധാരണ ജീവിതവും പോലും തടസ്സപ്പെടുത്തുന്ന തരത്തില്‍ കടുത്ത വേദനയായി വളരാറുണ്ട്. വര്‍ഷങ്ങളോളം ചികിത്സ തേടുകയും വിവിധ ഡോക്ടര്‍മാരെ കാണുകയും നിരവധി മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്തിട്ടും പൂര്‍ണമായ ആശ്വാസം ലഭിക്കാത്തവരാണ് പലരും. എന്നാല്‍ ന്യുറോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിദഗ്ധരുടെ നിരീക്ഷണം വ്യക്തമാക്കുന്നത്, തലവേദനയുമായി ചികിത്സ തേടിയെത്തുന്ന പത്തില്‍ ഒമ്പത് പേരുടെയും പ്രശ്നത്തിന് പിന്നില്‍ ഗുരുതരമായ രോഗങ്ങളോ മരുന്നുകളുടെ കുറവോ അല്ല, മറിച്ച് ദൈനംദിന ജീവിതത്തിലെ അച്ചടക്കക്കുറവും തെറ്റായ ശീലങ്ങളുമാണെന്നതാണ്.

മനുഷ്യശരീരത്തിലെ അവയവങ്ങള്‍ എല്ലാം കൃത്യമായ ജൈവതാളക്രമത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് ഭക്ഷണക്രമം. തിരക്കേറിയ ജീവിതശൈലിയിലൂടെയുള്ള ഓട്ടത്തിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയോ ഉച്ചഭക്ഷണം വൈകിക്കുകയോ ചെയ്യുന്നത് ഇന്ന് പലരുടെയും പതിവാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജം കൃത്യസമയത്ത് ലഭിക്കാതെയായാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ അവസ്ഥ ഉണ്ടാകുന്നു. ഇതിന്റെ ഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ വികസിച്ച് കഠിനമായ തലവേദനയ്ക്ക് കാരണമാകുന്നു. ഇത്തരത്തില്‍ സ്ഥിരമായി വിശപ്പോടെ ഇരിക്കുകയും കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്ന ശീലം മാറ്റാതെ എത്ര മരുന്നുകള്‍ കഴിച്ചാലും തലവേദന പൂര്‍ണമായി മാറില്ലെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഹാരത്തെ ഒരു മരുന്നായി കണ്ട് സമയബന്ധിതമായി കഴിക്കുന്ന ശീലം തലവേദന കുറയ്ക്കാന്‍ സഹായകമാണ്. ശരീരത്തിലെ ജലാംശക്കുറവ് അഥവാ നിര്‍ജലീകരണവും തലവേദനയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്.

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂലം തലച്ചോറിലെ കോശങ്ങള്‍ ബാധിക്കപ്പെടുകയും ടിഷ്യൂകള്‍ ചുരുങ്ങുകയും ചെയ്യുന്നു. ഇത് വേദനയുടെ തീവ്രത വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം രാത്രി വൈകി ഉറങ്ങുന്നതും മതിയായ വിശ്രമം ലഭിക്കാത്തതും മസ്തിഷ്‌കത്തിന് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തവര്‍ക്ക് മികച്ച ചികിത്സ നല്‍കിയാലും ഫലം കാണാന്‍ പ്രയാസമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. അമിതമായ മാനസിക സമ്മര്‍ദം, ദീര്‍ഘസമയം കമ്പ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കുന്ന ശീലം എന്നിവയും തലവേദന വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

വേദന വരുമ്പോള്‍ ഉടന്‍ തന്നെ വേദനസംഹാരികള്‍ ഉപയോഗിക്കുന്ന പ്രവണത പലര്‍ക്കുമുണ്ട്. എന്നാല്‍ ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ‘മെഡിക്കേഷന്‍ ഓവര്‍യൂസ് ഹെഡേക്ക’് എന്ന അവസ്ഥയിലേക്ക് നയിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അപ്പോള്‍ വേദന മാറ്റാന്‍ ഉപയോഗിക്കുന്ന മരുന്ന് തന്നെ പിന്നീട് തലവേദനയ്ക്ക് കാരണമായി മാറും. തലവേദനയുടെ പിന്നിലെ കാരണങ്ങള്‍ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കാം. ചിലര്‍ക്കത് വിശപ്പാകാം, മറ്റുചിലര്‍ക്കത് ഉറക്കക്കുറവോ കടുത്ത വെയിലോ ശക്തമായ ഗന്ധങ്ങളോ ആയിരിക്കാം.

ഈ ‘ട്രിഗറുകള്‍’ സ്വയം തിരിച്ചറിഞ്ഞ് അവ ഒഴിവാക്കുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. കൃത്യസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, ദിവസേന കുറഞ്ഞത് 2.5 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കുക, രാത്രിയില്‍ എട്ടു മണിക്കൂറെങ്കിലും സമാധാനമായി ഉറങ്ങുക എന്നിവ തലവേദന നിയന്ത്രിക്കാന്‍ നിര്‍ണായകമാണ്. കൂടാതെ, അനാവശ്യ മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുകയും യോഗയോ ലളിതമായ വ്യായാമങ്ങളോ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നത് തലച്ചോറിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ഈ ലളിതമായ ജീവിതശൈലി മാറ്റങ്ങള്‍ സ്വീകരിച്ചാല്‍ വിട്ടുമാറാത്ത തലവേദനയില്‍ നിന്ന് ദീര്‍ഘകാല മോചനം നേടാന്‍ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.ആരോഗ്യം മരുന്നുകളില്‍ അല്ല, ശീലങ്ങളിലാണ് എന്ന തിരിച്ചറിവാണ് ആദ്യചുവട്.

 

 

 

Continue Reading

Trending