india

സി.ബി.ഐ കുല്‍ദീപ് സെംഗാറുമായി ഒത്തുകളിച്ചെന്ന് ഉന്നാവ് കേസിലെ ഇര

By webdesk17

December 29, 2025

ന്യൂഡല്‍ഹി ഉന്നാവ് കൂട്ടമാനഭംഗക്കേസിലെ പ്രതിയും ബി.ജെ.പി മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സെംഗാറുമായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്ന ആരോപണവുമായി കേസിലെ ഇര. ഹൈക്കോടതിയില്‍ സെന്‍ഗാറിന് അനുകൂല തീരുമാനത്തിനായി ഒത്തുകളിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആവശ്യപ്പെട്ടു. കുല്‍ദീപ് സെംഗാറിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇരയുടെ ആരോപണം. ഇതിനിടെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തിനിടെ അതിജിവിതയുടെ അമ്മ തളര്‍ന്നുവീണു. ഇവരെ സമര സ്ഥലത്തുനിന്ന് മാറ്റി.

അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട് ജന്തര്‍മന്തറിലും ഇന്ത്യാ ഗേറ്റിലും ഉള്‍പ്പെടെ വിവിധ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്. വിചാരണക്കോടതി വിധിച്ച ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അട്ടിമറി നടത്തിയെന്നാണ് അതിജീവിതയുടെ ആരോപണം. ഈക്കാര്യം ചൂണ്ടിക്കാട്ടി സിബിഐ ഡയറക്ടര്‍ക്ക് അതിജീവിത പരാതിയും നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലും കോടതി നടപടികളിലും ഉദ്യോഗസ്ഥര്‍ മനപ്പൂര്‍വം വീഴ്ച്ച വരുത്തി. ഹൈക്കോടതിയെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ സി.ബി.ഐ അഭിഭാഷകര്‍ പരാജയപ്പെട്ടെന്നും അന്വേഷണം നടക്കുമ്പോള്‍ തന്നെ കേസ് അട്ടിമറിക്കാന്‍ നിക്കങ്ങള്‍ നടന്നുവെന്നും അതിജിവിത നല്‍കിയ ആറ് പേജുള്ള പരാതിയില്‍ പറയുന്നു.

സെന്‍ഗാറിനെ സഹായിക്കുന്ന രീതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിലപാട് എടുത്തു. താന്‍ പഠനം നടത്താത്ത സ്‌കൂളില്‍ പഠിച്ചെന്ന് കാട്ടി പ്രായം തെളിയിക്കുന്ന വ്യാജ രേഖയുണ്ടാക്കി. തന്റെ മൊഴിയിലും കൃത്രിമത്വം കാട്ടിയന്നും പരാതിയില്‍ ആരോപിക്കുന്നു.

 

സി.ബി.ഐ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ഉന്നാവോ കുട്ടമാനഭംഗക്കേസിലെ പ്രതി കുല്‍ദീപ് സെംഗാറിന്റെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സമര്‍പ്പിച്ച അപ്പീലില്‍ സുപ്രിംകോടതി ഇന്ന് അടിയന്തര വാദം കേള്‍ക്കും. ഹൈക്കോടതി നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുകയും രാജ്യമെമ്പാടും വന്‍ പ്രതിഷേധം രൂപപ്പെടുകയും ചെയ്തതോടെയാണ് സി.ബി.ഐ അപ്പില്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക.