റഷ്യന്‍ ഹാക്കര്‍മാര്‍മാരുടെ കെണിയില്‍ അമേരിക്ക വഞ്ചിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതിലൂടെ യുഎസിന്റെ തന്ത്രപ്രധാന സൈനിക രഹസ്യങ്ങളാണ് റഷ്യ ചോര്‍ത്തിയത്. സൈനിക ഡ്രോണുകള്‍, മിസൈലുകള്‍, റോക്കറ്റുകള്‍, സ്‌റ്റെല്‍ത് ഫൈറ്റര്‍ ജെറ്റുകള്‍, ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകള്‍, മറ്റു പ്രധാനപ്പെട്ട വിവരങ്ങള്‍ തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞരടങ്ങുന്ന 87 പേരില്‍നിന്നാണു വിവരങ്ങള്‍ ചോര്‍ത്തിയതെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സി അസോഷ്യേറ്റഡ് പ്രസ് (എപി) അന്വേഷണത്തില്‍ കണ്ടെത്തി. ചോര്‍ത്തിയ രഹസ്യങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമായിട്ടില്ല. യുഎസിന്റെ സൈബര്‍ പ്രതിരോധത്തിന്റെ പിഴവാണ് ഈ ആക്രമണത്തിലൂടെ പുറത്തുവന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സൈബര്‍ മോഷണത്തിന് പിന്നില്‍ ഫാന്‍സി ബിയര്‍ എന്ന ഹാക്കര്‍മാരുടെ സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടതും ഇതേ ഹാക്കര്‍മാരാണെന്നു ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ 87 പേരില്‍ 31 പേര്‍ എപിയുമായി അഭിമുഖത്തിനു തയാറായി. ‘ഈ 87 പേരില്‍ പലരും പ്രതിരോധ സാങ്കേതികവിദ്യകളുടെ ഗവേഷണത്തില്‍ അഗ്രഗണ്യരാണ്. ഈ പദ്ധതികള്‍ പലതും ചോര്‍ന്നിട്ടുണ്ടെങ്കില്‍ യുഎസ് പ്രതിരോധമേഖല സന്ധി ചെയ്തിരിക്കുകയാണ്, അതു ഭയപ്പെടുത്തുന്നതാണ്’ യുഎസ് ഡയറക്ടര്‍ ഓഫ് നാഷനല്‍ ഇന്റലിജന്‍സ് ഓഫിസിലെ വിരമിച്ച മുതിര്‍ന്ന ഉപദേഷ്ടാവ് ചാള്‍സ് സോവെല്‍ പറഞ്ഞു.

പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികളും ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റായ്തിയോണ്‍, ബോയിങ്, എയര്‍ബസ് ഗ്രൂപ്പ്, ജനറല്‍ ആറ്റമിക്‌സ് തുടങ്ങിയ വലിയ കമ്പനികളും സൈബര്‍ ആക്രമണത്തിന് ഇരയായി. യുഎസ് ആസ്ഥാനമായ സൈബര്‍ സെക്യൂരിറ്റി കമ്പനി സെക്യുര്‍വര്‍ക്ക്‌സ് ശേഖരിച്ച 19,000 സൈബര്‍ ഫിഷിങ് (മറ്റൊരു വെബ്‌സൈറ്റാണെന്നു തെറ്റിദ്ധരിപ്പിച്ചുള്ള സൈബര്‍ തട്ടിപ്പ്) ഡേറ്റയില്‍നിന്നാണ് എപി ഫാന്‍സി ബിയറിന്റെ ആക്രമണ വിവരങ്ങള്‍ കണ്ടെത്തിയത്. ഹാക്കര്‍മാരെ ഐയണ്‍ ട്വിലൈറ്റ് എന്നാണു സെക്യുര്‍വര്‍ക്ക്‌സ് വിശേഷിപ്പിച്ചത്. 2015 മാര്‍ച്ച് മുതല്‍ 2016 മേയ് വരെയുള്ള ഭാഗികമായ ഡേറ്റയാണ് ഇവരുടെ കൈവശമുള്ളത്.