വൈഗയെ പുഴയിലെറിഞ്ഞ് കൊന്നത് അച്ഛന്‍ സനുമോഹനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മകള്‍ മരിച്ചുവെന്ന് കരുതിയാണ് പുഴയിലെറിഞ്ഞതെന്ന് സനുമോഹന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരങ്ങള്‍. കടബാധ്യത കാരണം മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു നീക്കമെന്ന് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ പേടികാരണം തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ തന്നെ സനു മോഹന്‍ കുറ്റസമ്മതം നടത്തിയതായാണ് വിവരം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ വഴിയില്ലാതെ വന്നപ്പോഴാണ് ജീവനൊടുക്കാന് തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഭാര്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിലാക്കി. ആത്മഹത്യചെയ്യാന്‍ പോവുകയാണെന്ന് മകളോട് പറഞ്ഞപ്പോള്‍ കുട്ടികരഞ്ഞു. ഈ സമയം കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കുട്ടിയുടെ മൂക്കില്‍ നിന്ന് രക്തം വന്നതോടെ മരിച്ചുവെന്ന് കരുതിയാണ് മകളെ പുഴയില്‍ ഉപേക്ഷിച്ചത്. എന്നാല്‍ കുട്ടിമരിച്ചതോടെ തനിക്ക് ആത്മഹത്യ ചെയ്യാന് ധൈര്യം തോന്നിയില്ല. ഇതോടെയാണ് ബാംഗ്ലൂരിലേക്ക് പോയത്. ബാംഗ്ലൂരില്‍ എത്തിയശേഷമാണ് മകള്‍ ആദ്യം മരിച്ചിരുന്നില്ലെന്നും വെള്ളത്തില്‍ വീണതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചതെന്നുമുള്ള കാര്യം അറിഞ്ഞതെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.