ആലപ്പുഴ: 2021-ൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ ഉഷ ജോസഫിന്റെ വയറ്റിൽ ‘മസ്‌കിറ്റോ’ എന്ന സർജറി ഉപകരണം കുടുങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോ. ലളിതാംബിക രംഗത്തെത്തി. താനല്ല ആ ശസ്ത്രക്രിയ നടത്തിയതെന്നും രോഗിയെ ചികിത്സിച്ചിട്ടില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
മെയ് 5, 2021-ന് വയറിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ് നടന്നത്. തുടർന്ന് കഠിന വേദന അനുഭവപ്പെട്ടതായി ഉഷ പറയുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷമാണ് എംആർഐ പരിശോധനയിൽ വയറ്റിൽ ഉപകരണം കണ്ടെത്തിയത്. ആദ്യം മൂത്രസഞ്ചിയിലെ കല്ലാണെന്ന് പറഞ്ഞിരുന്നുവെങ്കിലും എക്‌സ്‌റേയിൽ ‘കത്രിക’ കണ്ടെത്തിയതായാണ് ഉഷയുടെ ആരോപണം.
എന്നാൽ ഇത് ‘കത്രിക’ എന്ന് വിളിക്കുന്നത് തെറ്റാണെന്നും ‘മസ്‌കിറ്റോ’ എന്ന ചെറിയ സർജറി ഉപകരണമാണ് അതെന്നും ഡോ. ലളിതാംബിക പറഞ്ഞു. “ഇത് വലിയ കത്രികയല്ല. മസ്‌കിറ്റോ എന്ന വാസ്‌കുലാർ ഫോർസെപ്‌സാണ്. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാനാണ് ഇത് വ്യക്തമാക്കുന്നത്,” ഡോക്ടർ പറഞ്ഞു.
“ഞാൻ ആ സമയത്ത് ഹെഡ് ഓഫ് ഡിപ്പാർട്ട്‌മെന്റും യൂണിറ്റ് ചീഫുമായിരുന്നു. അതുകൊണ്ടാകാം രോഗി എന്റെ പേര് പറയുന്നത്. മൂന്നര കിലോയുള്ള ട്യൂമർ നീക്കം ചെയ്ത ശസ്ത്രക്രിയയായിരുന്നുവെങ്കിൽ അത് എനിക്ക് ഓർമ്മയുണ്ടാകും. പക്ഷേ ഞാൻ ആ ഓപ്പറേഷൻ ചെയ്തിട്ടില്ല,” ഡോക്ടർ വ്യക്തമാക്കി. 2021 മെയ് 31-ന് താൻ വിരമിച്ചതായും, കൊവിഡിന്റെ രണ്ടാം തരംഗകാലത്ത് വിവിധ ചുമതലകളിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ ആശുപത്രികളിലെ ഉപകരണങ്ങൾ പരിശോധിക്കുന്ന സംവിധാനത്തിലെ പോരായ്മകളെയും ഡോക്ടർ ചൂണ്ടിക്കാട്ടി. ഓരോ ശസ്ത്രക്രിയയ്ക്കും സ്‌ക്രബ് നഴ്‌സും ഫ്‌ളോർ നഴ്‌സും വേണമെങ്കിലും, ഉപകരണങ്ങളുടെ എണ്ണം രേഖപ്പെടുത്താൻ വേണ്ട സൗകര്യങ്ങളും സ്റ്റാഫും പല ആശുപത്രികളിലും അപര്യാപ്തമാണെന്ന് അവർ പറഞ്ഞു. “നഴ്‌സ് പറഞ്ഞ എണ്ണമനുസരിച്ച് മാത്രമേ ഡോക്ടർക്ക് ഉറപ്പുവരുത്താൻ കഴിയൂ. ഓർമ്മപ്പിശക് സംഭവിച്ചാൽ ഡോക്ടർക്ക് ഒന്നും ചെയ്യാനാവില്ല,” എന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, വണ്ടാനം മെഡിക്കൽ കോളേജിൽ വിവരം അറിയിച്ചപ്പോൾ വിഷയത്തെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചുവെന്നുമാണ് ഉഷയുടെ ആരോപണം. ചികിത്സയ്ക്കായി വലിയ തുക ചെലവായതായും, ഇപ്പോഴും വേദന അനുഭവിക്കുന്നതായും അവർ പറഞ്ഞു. “മെഡിക്കൽ കോളേജിലേക്ക് ഇനി പോകാൻ പേടിയാണ്,” ഉഷ പറഞ്ഞു.
കേസ് ഷീറ്റ് തുറന്നാൽ ശസ്ത്രക്രിയ നിർവഹിച്ചത് ആരാണെന്ന് വ്യക്തത വരുമെന്നും ഡോ. ലളിതാംബിക പ്രതികരിച്ചു.