ലണ്ടന്‍: ലണ്ടനിലെ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കാണാനെത്തിയപ്പോള്‍ ‘കള്ളന്‍, കള്ളന്‍’ എന്ന് വിളിച്ചെന്ന് സംഭവത്തെ തള്ളിപ്പറഞ്ഞ് മദ്യരാജാവ് വിജയ് മല്യ. ”ഓവല്‍ ഗ്രൗണ്ടില്‍ വെച്ച് എന്നെ ആരും കള്ളനെന്ന് വിളിച്ചിട്ടില്ല. കള്ളുകുടിച്ച് രണ്ടുപേര്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞിരുന്നു എന്നതൊഴിച്ചാല്‍ മറ്റെല്ലാവരും എന്നെ മാന്യമായി എതിരേല്‍ക്കുകയും അഭിവാദ്യമര്‍പ്പിക്കുകയുമായിരുന്നു”- വായ്പാക്കടം തിരിച്ചടക്കാത്തതിനെത്തുടര്‍ന്ന് ഇന്ത്യ വിട്ട വിവാദ വ്യവസായി വിജയ് മല്യ ഏറ്റുപറഞ്ഞു.
തനിക്കെതിരെ നിലനില്‍ക്കുന്ന കേസ് ഇല്ലാതാക്കാന്‍ തന്റെ പക്കല്‍ മതിയായ തെളിവുകളുണ്ടെന്നും മദ്യരാജാവ് കൂട്ടിച്ചേര്‍ത്തു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറായപ്പോഴായിരുന്നു വിവാദ വ്യവസായിയുടെ പ്രസ്താവന. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നും ലോണെടുത്ത് വായ്പാക്കടം തിരിച്ചടക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ ലണ്ടനിലെ കോടതിയില്‍ വിചാരണ നേരിടുകയാണ്.

പ്രസ്തുത കേസില്‍ വിജയ് മല്യക്ക് ഡിസംബര്‍ 4 വരെ ജാമ്യം ലഭിച്ചു. ജൂലൈ 6നാണ് കേസിലെ അടുത്ത വാദം കേള്‍ക്കല്‍ തീരുമാനിച്ചിരിക്കുന്നത്.