കോട്ടയം: തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം നിര്‍ബന്ധമാക്കിയതിനെതിരെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ രംഗത്ത്. തീയേറ്ററുകളില്‍ ദേശീയഗാനം പാടുമ്പോഴും, പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോഴും അത് ചെറിയ സിനിമകളുടെ ദൈര്‍ഘ്യത്തെ ബാധിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രേമേയത്തിന് ആവശ്യത്തിനുള്ള സമയം ലഭിക്കില്ല. അത് ബുദ്ധിമുട്ടുണ്ടാക്കും. താന്‍ തികഞ്ഞ രാജ്യസ്‌നേഹിയാണ്. അതിനാല്‍ കൂടുതല്‍ അഭിപ്രായപ്രകടനങ്ങള്‍ക്കില്ലെന്നും താരം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിയ്യേറ്ററില്‍ ദേശീയഗാനം കേള്‍പ്പിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൊത്തത്തില്‍ രാജവ്യാപകമായി ദേശീയ ഗാനം ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് വിനീത് ശ്രീനിവാസന്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുന്നത്.