Connect with us

Video Stories

ത്രിപുര നല്‍കുന്ന പാഠം

Published

on

ബി.ജെ.പിക്കെതിരെ ആദ്യമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ആയുധം വെച്ച് കീഴടങ്ങേണ്ടി വന്നിരിക്കുകയാണ് സി.പി.എമ്മിന്. വന്‍ സന്നാഹത്തോട് കൂടി ഇടതു ഭരണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ബി.ജെ.പി എത്തിയപ്പോള്‍ മണിക് സര്‍ക്കാറെന്ന രാഷ്ട്രീയ അതികായന്റെ ജീവിത ലാളിത്യം കൊണ്ട് അതിനെ മറികടക്കാമെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസം മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ട് തടുക്കുന്നതിന് സമാനമായി. മൂന്ന് പതിറ്റാണ്ടു കാലം കൈയ്യിലിട്ട് അമ്മാനമാടിയ സംസ്ഥാനം നമുക്ക് മാറാം എന്ന മുദ്രാവാക്യത്തിലൂടെയാണ് ബി.ജെ.പി സ്വന്തമാക്കിയത്. രണ്ടു പതിറ്റാണ്ടുകാലം മുഖ്യമന്ത്രി പദം അലങ്കരിച്ച മണിക് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് താഴെ ഇറങ്ങിയതോടെ സി.പി.എം ഭരണം കേരളത്തില്‍ മാത്രമായി അവശേഷിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുറത്തുവന്ന മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം രാജ്യത്തെ വര്‍ത്തമാനകാല രാഷട്രീയ സാഹചര്യത്തിന്റെ ഗൗരവം മതേതരവിശ്വാസികളെ ബോധ്യപ്പെടുത്താനുതകുന്നതാണ്. വിശേഷിച്ചും സി.പി.എമ്മിനെ. അധികാരം പിടിച്ചെടുക്കാനും നിലനിര്‍ത്താനും ഫാസിസ്റ്റുകള്‍ എന്തു കുതന്ത്രവും പയറ്റുമെന്നും ആരുമായും കൂട്ടുകൂടുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടതിലും അതിന് ശേഷവും ബി.ജെ.പി സ്വീകരിച്ചു കൊണ്ടിരിക്കുന്ന രീതികള്‍ രാജ്യത്തെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്. കേന്ദ്രഭരണത്തിന്റെ സ്വാധീനം പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനൊപ്പം ഓരോ പ്രദേശങ്ങളിലേക്കും തങ്ങളുടെ പ്രഖ്യാപിത നിലപാടുകളില്‍ വെള്ളം ചേര്‍ത്ത് അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കാനും അവര്‍ മടികാണിക്കുന്നില്ല. വികസനത്തിന്റെ അഭാവം മുഴച്ചുനില്‍ക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടി കോടിക്കണക്കിനു രൂപയുടെ പാക്കേജുകളാണ് പ്രധാനമന്ത്രി മാസങ്ങളായി പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശമെന്ന നിലക്ക് വിവാദങ്ങളിലൊന്നും ഇടപെടാതിരിക്കാന്‍ ബി.ജെ.പി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു. ബീഫോ ഹിന്ദുത്വ വിഷയങ്ങളോ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും പാര്‍ട്ടിയുടെ ന്യൂനപക്ഷ മുഖങ്ങളെ അവിടങ്ങളില്‍ അവതരിപ്പിക്കാനും അവര്‍ക്കു സാധിച്ചു. ആര്‍.എസ്.എസിന്റെ കൃത്യമായ മുന്‍കരുതലോടെയുള്ള അണിയറനീക്കങ്ങളും നിലവിലെ സാചര്യം സംജാതമാക്കുന്നതിന് അവര്‍ക്ക് സഹായകരമായി.
എന്നാല്‍ ഇത്രയും സന്നാഹങ്ങളോടു കൂടി, മുഴുവന്‍ സംസ്ഥാനങ്ങളും തങ്ങളുടെ കൈവെള്ളയിലൊതുക്കുകയെന്ന ലക്ഷ്യത്തോടെ വര്‍ഗീയഫാസിസ്റ്റുകള്‍ മുമ്പോട്ടു പോകുമ്പോള്‍ വൈകാരിക പ്രകടനങ്ങള്‍കൊണ്ട് അതിനെ പ്രതിരോധിക്കാമെന്ന സി.പി.എം നിലപാടിനെ ദയനീയം എന്നല്ലാതെ എന്തു വിശേഷണമാണ് നല്‍കുക. ഉരുക്കു കോട്ടയെന്ന് ഫലം പുറത്തുവരുന്നതിന്റെ തൊട്ടുമുമ്പുവരെ ഉറക്കെപ്പറഞ്ഞ സി.പി.എം ത്രിപുരയില്‍ ഫലം പുറത്തുവന്നപ്പോള്‍ വോട്ടിങ് ശതമാനക്കണക്കിലും കോണ്‍ഗ്രസിന് സീറ്റ് നഷ്ടമായതിലും അഭയം പ്രാപിക്കുന്നത് ജനാധിപത്യ വിശ്വാസികള്‍ക്ക് ആ പാര്‍ട്ടിയിലുള്ള അവസാനത്തെ പ്രതീക്ഷയും നഷ്ടപ്പെടുത്താനേ ഉപകരിക്കുകയുള്ളൂ.

ത്രിപുരയിലെ പരാജയം ഏറ്റവും വലിയ പാഠമാകേണ്ടത് സി.പി.എം കേരളഘടകത്തിനാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക്. അന്ധമായ കോണ്‍ഗ്രസ് വിരോധത്താല്‍ നശിച്ചുപോയ തങ്ങളുടെ കാഴ്ച്ച തിരിച്ചുപിടക്കാന്‍ ഇക്കൂട്ടര്‍ക്ക് ഈഫലം പ്രചോദനമാകണം. കോണ്‍ഗ്രസും ബി.ജെ.പിയും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും കോണ്‍ഗ്രസിതര ബി.ജെ.പി ഇതര ജനാധിപത്യകൂട്ടായ്മയാണ് ഉയര്‍ന്നുവരേണ്ടതെന്നുമാണ് ഇവര്‍ വാദിച്ചുകൊണ്ടിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഈ നിലപാട് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിശാല മതേതരത്വ കൂട്ടായ്മ അനിവാര്യമാണെന്ന നിലപാടുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുകയും ഒടുവില്‍ സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് കേരളയല്ലെന്ന് വരെ യെച്ചൂരിക്ക് പറയേണ്ട സാഹചര്യം വരെ ഉണ്ടാക്കുകയും ചെയ്ത സി.പി.എം സംസ്ഥാനഘടകം ഇനിയും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണുതുറന്നിട്ടില്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ പോലും തങ്ങളുടെ നിലപാടുകള്‍ക്ക് ഇടമുണ്ടാകില്ല. സ്വന്തം തട്ടകം പോലും പ്രതിരോധിക്കാന്‍ കഴിയത്തവര്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള സംരക്ഷണം തനിച്ച് ഏറ്റെടുക്കുന്നത് വര്‍ത്താമാന ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ തമാശയാണ്.

മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ കഴിഞ്ഞെങ്കിലും ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസും കണ്ണുതുറന്ന് കാണേണ്ടതുണ്ട്. ജനങ്ങള്‍ നല്‍കിയ അംഗീകാരം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യം ആ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന സ്ഥിതിവിശേഷം സംജാതമാക്കും. ബി.ജെ.പിയുടെ കാടടച്ച പ്രചരണത്തിനിടയിലും ജനാധിപത്യത്തിലും മതേതരത്വത്തിലുമുള്ള തങ്ങളുടെ പ്രതിബദ്ധത മാറോടുചേര്‍ത്തുവെച്ച മേഘാലയിലെ ജനങ്ങളുടെ പ്രതീക്ഷ എന്തു വിലകൊടുത്തും സംരക്ഷിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനുണ്ടായിരുന്നു. അധികാരം കൈപ്പിടിയിലൊതുക്കാന്‍ എന്ത് നെറികെട്ട പ്രവര്‍ത്തിക്കും തങ്ങള്‍ അറച്ചുനില്‍ക്കില്ലെന്ന് ഗോവയിലേയും മണിപ്പൂരിലേയും ഫലപ്രഖ്യാനത്തിന് ശേഷം നടത്തിയ കുതിരക്കച്ചവടത്തിലൂടെ ബി.ജെ.പി തെളിയിച്ചു കഴിഞ്ഞതാണ്. ഇരുസംസ്ഥാനങ്ങളിലും ജനവിധി അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസിന്റെ നിസ്സംഗത കാണാതിരുന്നുകൂട. ചടുലമായ നീക്കങ്ങളിലൂടെ കളം നിറയുന്നതില്‍ പിന്നിലായിപ്പോയത് മൂലം തങ്ങളുടെ സ്വന്തം എം.എല്‍.എയെ പോലും കോണ്‍ഗ്രസിന് നഷ്ടമായിപ്പോയത് അതീവ ഗുരുതരമാണ്. മേഘാലയയിലും സമാന സാഹചര്യം ആവര്‍ത്തിക്കാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞ് വരുമ്പോള്‍ അത് മുന്‍കൂട്ടി കണ്ടുകൊണ്ട് പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കേണ്ടിയിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പിലൂടെ ബി.ജെ.പിക്കെതിരെ നേടിയ മേല്‍ക്കൈയാണ് വടക്കുകിഴക്കന്‍ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടമായിരിക്കുന്നത്. ഇതിന് ഒരു പരിധിവരെ പ്രചാരണത്തിലെ അലംബാവം കാരണമായിട്ടുണ്ടെന്നത് ഒരു യാഥാര്‍ത്ഥ്യം മാത്രമാണ്. മേഘാലയയിലെ ഭരണത്തുടര്‍ച്ചയില്‍ മാത്രം കേന്ദ്രീകരിച്ചപ്പോള്‍ നാഗാലാന്റിലും ത്രിപുരയിലും വേണ്ടത്ര ശ്രദ്ധചെലുത്താനായില്ല. ഇതിന് നല്‍കേണ്ടി വന്ന വില എത്രവലുതാണെന്ന് ഇരു സംസ്ഥാനങ്ങളിലേയും പ്രത്യേകിച്ച് ത്രിപുരയിലെ വോട്ടിങ് ശതമാനം വ്യക്തമാക്കിത്തരുന്നുണ്ട്. ന്യൂനപക്ഷവോട്ടുകള്‍ കൈപ്പിടിയിലൊതുക്കാന്‍ ബി.ജെ.പി പതിനെട്ടടവും പുറത്തെടുത്തപ്പോള്‍ പരമ്പരാഗത വോട്ടുബാങ്ക് സുരക്ഷിതമാണെന്ന വിശ്വാസത്തില്‍ മാത്രം തെരഞ്ഞെടുപ്പിനെ നേരിട്ടതിന്റെ ശിക്ഷയാണ് ഇരു സംസ്ഥാനങ്ങളും ആപാര്‍ട്ടിക്ക് നല്‍കിയത്. സൂചനകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ മതേതര പാര്‍ട്ടികളുടെ മുന്നില്‍ ഇനിയൊരു കര്‍ണാടക മാത്രമേയുള്ളൂ എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പിന്റ ഫലം.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending