kerala

ഇസ്ലാമോഫോബിയ കരുത്താര്‍ജിക്കുന്ന കാലത്ത് വിജ്ഞാനമാണ് പ്രതിരോധം -സാദിഖലി തങ്ങള്‍

By webdesk18

January 12, 2026

ഒരു നൂറ്റാണ്ടിന്റെ നിറവില്‍നില്‍ക്കുന്ന പ്രാസ്ഥാനിക ചരിത്രത്തിലെ സമുജ്വല അധ്യായമായ സമസ്ത കേരള ജംഇയത്തുല്‍ ഉലമ നയിച്ച വൈജ്ഞാനിക വിപ്ലവത്തിന് അടിത്തറയായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യ 63-ാം വാര്‍ഷിക 61-ാം സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഢോജ്വല സമാപനം. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിലൂടെ 585 യുവ ഫൈസി പണ്ഡിതരാണ് സമൂഹത്തിലേക്കിറങ്ങുന്നത്.

സമ്മേളനം തെലുങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അ്‌സ്ഹറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജാമിഅ നൂരിയ അറബിയ്യ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്ലാമോഫോബിയ ശക്തിപ്പെടുന്ന കാലത്ത് അറിവിലൂടെ അതിനെ പ്രതിരോധിക്കാനാവണമെന്ന് തങ്ങള്‍ പറഞ്ഞു. ഉലമാ ഉമറാ ബന്ധത്തിന്റെ ശക്തിയിലും ഊഷ്മളതയിലുമാണ് ഇവിടെ സമുദായം വളര്‍ന്നത്. ആ പാരമ്പര്യം തന്നെയാണ് നമ്മുടെ കരുത്ത്. പരിശുദ്ധ ദീനിന്റെ പവിത്രതക്ക് ഭംഗം വരുത്തുന്ന ഭിന്നതയും ഛിത്രതയും ഒരിക്കലും അംഗീകരിക്കാനാവില്ല. ചേര്‍ന്ന് നില്‍ക്കുന്നതിനാണ് സൗന്ദര്യം. അതിനാണ് വിജയം. മുന്‍ കാല നേതാക്കള്‍ കാണിച്ചു തന്ന വഴിയാണ് മുസ്ലിം സമൂഹത്തിന്റെ കരുത്ത്. അത് ആത്മീയമായ കരുത്താണ്. ഉലമ, ഉമറ സാദാത്തീങ്ങളുടെ കൂട്ടായ്മയുടെ കരുത്താണ്. ഇതിന്റെയെല്ലാം പ്രചാരകരായി യുവ പണ്ഡിതര്‍ മാറണം. പരിശുദ്ധ ദീനിന്റെ ശുദ്ധി നഷ്ടപ്പെടാതെ നിലനിര്‍ത്തുക എന്നതാണ് സമസ്തയുടെ ലക്ഷ്യം. ആ ലക്ഷ്യം തന്നെയാണ് ജാമിഅയുടെയും ലക്ഷ്യം. പുതിയ പണ്ഡിതര്‍ പുതിയ കാലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. വെല്ലുവിളികള്‍ പലതാണ്. അതിനെ അതിജീവിച്ച് മുന്നേറാന്‍ കഴിയണമെന്നും തങ്ങള്‍ പറഞ്ഞു.

ജാമിഅയില്‍ അധ്യാപകനായി അരനൂറ്റാണ്ടോളം പിന്നിട്ട പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തങ്ങള്‍ ആദരിച്ചു. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ് ദാന പ്രസംഗം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ് എം.പി, എം.പി അബ്ദുസമദ് സമദാനി എം.പി, സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, അഡ്വ. യു എ ലത്തീഫ്, സമസ്ത കേന്ദ്രമുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, ഉമര്‍ ഫൈസി മുക്കം, സെയ്താലി മുസ്ലിയാര്‍ മാമ്പുഴ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. അബ്ദുറഹിമാന്‍ ഫൈസി അരിപ്ര, അലവി ഫൈസി കുളപ്പറമ്പ് പ്രസംഗിച്ചു. എം.ടി അബ്ദുള്ള മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.