News

‘നിങ്ങളുടെ ‘ഡബ്ബ എന്‍ജിന്‍ സര്‍ക്കാര്‍’ തമിഴ്നാട്ടില്‍ ഓടില്ല’; മോദിക്കെതിരെ തുറന്നടിച്ച് സ്റ്റാലിന്‍

By Akhila

January 24, 2026

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അഥവാ ഡബ്ബ എന്‍ജിന്‍ സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. തമിഴ്‌നാട്ടില്‍ നടന്ന എന്‍.ഡി.എ റാലിയില്‍ മോദി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്.

കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ തടസ്സങ്ങള്‍ക്കിടയിലും തമിഴ്നാട് ചരിത്രപരമായ വളര്‍ച്ച കൈവരിച്ചുവെന്നും സ്റ്റാലിന്‍ പറഞ്ഞു. ബി.ജെ.പി നയിക്കുന്ന സര്‍ക്കാറിന്റെ തടസ്സങ്ങള്‍ക്കിടയിലും വളര്‍ച്ച കൈവരിച്ച തമിഴ്നാട്ടില്‍ ഡബ്ബ എന്‍ജിന്‍ (മാലിന്യപ്പെട്ടി) പ്രവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ‘എക്‌സ്’ പോസ്റ്റില്‍ കുറിച്ചു. ബി.ജെ.പി മറയ്ക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല, തമിഴ്നാട് ജനങ്ങളോട് കാണിച്ച വഞ്ചന മറക്കില്ലെന്നും സ്റ്റാലിന്‍ തുറന്നടിച്ചു.

പശ്ചിമ ബംഗാള്‍, കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ ഇന്നുകാണുന്ന വികസനത്തിലെത്താന്‍ കാരണം എന്‍.ഡി.എയുടെ അഭാവമാണെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്‍.ഡി.എയുടെ ഇരട്ട എന്‍ജിന്‍ പ്രവര്‍ത്തിക്കുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ യാതൊരുവിധ വളര്‍ച്ചയില്ലെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. തമിഴ്‌നാട്ടില്‍ ബി.ജെ.പിയും മോദിയും ഒരുപോലെ ആവര്‍ത്തിച്ച് തിരിച്ചടി നേരിടും. തമിഴ്നാടിനോടും ഈ നാട്ടിലെ ജനങ്ങളോടും ബി.ജെ.പി കാണിച്ച വഞ്ചന മോദി അടിച്ചമര്‍ത്തിയാല്‍ പോലും ആരും മറക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.