വാഷിംഗ്ടൺ: ന്യൂയോർക്ക് നഗരത്തിന്റെ പുതിയ മേയറായി സോഹ്റാൻ മംദാനി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമേരിക്കയിൽ പുതുവർഷം പിറന്ന് നിമിഷങ്ങൾക്കുള്ളിലായിരിക്കും മംദാനിയുടെ സത്യപ്രതിജ്ഞ നടക്കുക. ഇസ്‌ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനിൽ കൈവച്ചായിരിക്കും അദ്ദേഹം സത്യവാചകം ചൊല്ലുക.
പൊതു-സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങുകളിൽ മൂന്ന് ഖുര്‍ആൻ പുസ്തകങ്ങൾ ഉപയോഗിക്കുമെന്ന് മംദാനിയുടെ മുതിർന്ന ഉപദേഷ്ടാവ് സാറ റഹീം അറിയിച്ചു. അർധരാത്രിയിൽ നടക്കുന്ന സ്വകാര്യ സത്യപ്രതിജ്ഞാ ചടങ്ങിൽ മംദാനിയുടെ മുത്തച്ഛന്റെ ഖുര്‍ആനും എഴുത്തുകാരനും ചരിത്രകാരനുമായ അർതുറോ ഷോംബർഗിന്റെ ഖുര്‍ആനും ഉപയോഗിക്കും. പകൽ സിറ്റി ഹാളിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ കുടുംബത്തിന്റെ മറ്റൊരു ഖുര്‍ആനും ഉൾപ്പെടുത്തും.
ഹാർലെം നവോത്ഥാനത്തിന് രൂപം നൽകിയ ആഫ്രോ-ലാറ്റിനോ എഴുത്തുകാരനായ ഷോംബർഗിന്റെ ഖുര്‍ആൻ ഉപയോഗിക്കുന്നതിലൂടെ നഗരത്തിലെ വിശ്വാസപരവും വംശീയവുമായ വൈവിധ്യം അടിവരയിടുകയെന്നതാണ് മംദാനിയുടെ ലക്ഷ്യം.
ചരിത്രപ്രസിദ്ധമായ, വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സബ്‌വേ സ്റ്റേഷനിലാണ് അർധരാത്രിയിലെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. 1904-ൽ നിർമ്മിച്ച് 1945-ൽ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാൾ’ സബ്‌വേ സ്റ്റേഷനാണ് ചടങ്ങിന് വേദിയാകുന്നത്. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
നഗരത്തിന്റെ പൈതൃകവും ചരിത്രവീര്യവും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഈ സബ്‌വേ സ്റ്റേഷൻ വേദിയായി തെരഞ്ഞെടുക്കുന്നതെന്ന് മംദാനി വ്യക്തമാക്കി. അർധരാത്രിയിലെ ചടങ്ങ് സ്വകാര്യമായിരിക്കും. തുടർന്ന് പകൽ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ഏകദേശം 40,000 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.