Connect with us

Views

മതവിദ്വേഷം വിതക്കുന്നവര്‍ കേള്‍ക്കേണ്ട വാക്കുകള്‍

Published

on

പ്രഥമ പൗരനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ കേരള സന്ദര്‍ശനത്തില്‍ സംസ്ഥാനത്തെക്കുറിച്ചും അതിന്റെ മതനിരപേക്ഷ സ്വഭാവത്തെപ്പറ്റിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗം മതവിദ്വേഷം വളര്‍ത്തി നാടിന്റെ സ്വസ്ഥത തകര്‍ക്കാന്‍ പാടുപെടുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്ക് ഗുണപാഠമാകേണ്ടതാണ്. വര്‍ഗീയവിഷം തുപ്പി കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ അന്തരീക്ഷം മലിനമാക്കാന്‍ യോഗി അദിത്യനാഥുമാരേയും അമിത്ഷാമാരേയും അണിനിരത്തി വടക്കു മുതല്‍ തെക്കോട്ട് ബി.ജെ.പി വിയര്‍പ്പൊഴുക്കുന്ന ഘട്ടത്തിലാണ് രാഷ്ട്രപതിയില്‍നിന്നുള്ള അംഗീകാര വാക്കുകള്‍ എന്നതിനാല്‍ സവിശേഷ പ്രസക്തിയുണ്ട്. കൊല്ലം അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് രാഷ്ട്രപതി കേരളത്തിന്റെ മതേതര പാരമ്പര്യത്തെപ്പറ്റി വാചാലനായത്.

മതസൗഹാര്‍ദ്ദവും സാംസ്‌കാരിക പാരമ്പര്യവും കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ കേരളത്തില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്നാണ് രാഷ്ട്രപതി പറഞ്ഞത്. വാക്കുകള്‍ക്കിടയിലെ കേവല പരാമര്‍ശമായിരുന്നില്ല അത്. വിവിധ മതവിശ്വാസങ്ങളുമായി കേരള തീരത്തെത്തിയ ക്രിസ്ത്യാനികളും മുസ്്‌ലിംകളും ജൂതരും റോമാക്കാരും ഒപ്പം തദ്ദേശീയരായ ഹിന്ദുക്കളും പരസ്പര ധാരണയോടെയും സഹവര്‍ത്തിത്വത്തോടെയും കഴിയുന്നതിന്റെ ചരിത്രപരിസരം വിശദീകരിച്ചുകൊണ്ടുള്ള സാക്ഷ്യപ്പെടുത്തലായിരുന്നു. ഈ പാരമ്പര്യം രാജ്യത്തിനു തന്നെ അഭിമാനാര്‍ഹമാണെന്ന് കൂടി രാഷ്ട്രപതി പറഞ്ഞുവെക്കുന്നുണ്ട്.

ഇല്ലാത്ത ലൗജിഹാദ് ആരോപിച്ചും കെട്ടുകഥകള്‍ മെനഞ്ഞും ഒരു നാടിനെയും അവിടുത്തെ ജനങ്ങളേയും സംഘംചേര്‍ന്ന് അധിക്ഷേപിക്കുന്നവര്‍ രാഷ്ട്രപതിയുടെ ഈ വാക്കുകള്‍ക്ക് ചെവി കൊടുക്കണം. സ്വാഭാവികവും ഒറ്റയിട്ടതുമായ മതപരിവര്‍ത്തനങ്ങള്‍ക്ക് ജിഹാദിന്റെയും തീവ്രവാദത്തിന്റെയും പരിവേഷം നല്‍കി, ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുകയെന്ന സമീപനമാണ് സംഘ്പരിവാര്‍ പിന്തുടരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് കേരളമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഭരണഘടനാ ദത്തമായി പൗരന് അനുവദിച്ചു നല്‍കിയിട്ടുള്ള, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള സ്വാതന്ത്ര്യത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിത അജണ്ട ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പയറ്റിയതുപോലുള്ള വര്‍ഗീയ മുതലെടുപ്പ് കേരളത്തിലും സാധ്യമാകുമോ എന്ന പരീക്ഷണത്തിലാണിപ്പോള്‍ ബി.ജെ.പി. കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ മതവൈരം വളര്‍ത്താനും ആള്‍കൂട്ട കൊലപാതകങ്ങള്‍ക്ക് അടിത്തറ പാകാനും ഒത്താശ ചെയ്യുന്ന ഭരണകൂടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കേരളത്തിന്റെ മണ്ണില്‍ വന്ന് ജനരക്ഷാ യാത്ര നടത്തുന്നത് എന്നതില്‍ പരം പരിഹാസ്യമായി മറ്റൊന്നില്ല. രാഷ്ട്രീയവും മതപരവും സാംസ്‌കാരികവുമായ ഫാഷിസമാണ് സംഘ്പരിവാര്‍ രാജ്യത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന ബഹുസ്വരതയുടെ അടിവേരറുക്കാന്‍ ഓരോ ദിവസവും പുതിയ കുതന്ത്രങ്ങളുമായാണ് അവര്‍ രംഗപ്രവേശം ചെയ്യുന്നത്. വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങളിലൂടെ രാജ്യത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തെ മലിനമാക്കിയ നേതാക്കളെ ജനരക്ഷായാത്രക്കു വേണ്ടി കൂട്ടത്തോടെ ഇറക്കുമതി ചെയ്യുന്നതിലൂടെ ബി.ജെ.പി ഉന്നം വെക്കുന്നതും ഈ ലക്ഷ്യമാണ്.

എന്നാല്‍ അത്തരം ശക്തികളുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കുന്നതല്ല കേരളത്തിന്റെ മതേതര പാരമ്പര്യമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. അതുതന്നെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകളില്‍ നിഴലിക്കുന്നതും. ഇസ്്‌ലാം മതവും ക്രിസ്തു മതവും കേരളത്തിലേക്ക് കടന്നുവന്നതും വളര്‍ന്നതും സമാധാനപരമായ അന്തരീക്ഷത്തിലായിരുന്നുവെന്നത് ചരിത്ര വസ്തുതയാണ്. കേരളത്തിന്റെ പരിസരങ്ങളുമായി ഇണങ്ങിച്ചേര്‍ന്നുള്ളതായിരുന്നു ആ വളര്‍ച്ച. മുസ്്‌ലിംകളേയും ക്രിസ്ത്യാനികളേയും സഹിഷ്ണുതയോടെയാണ് ഹൈന്ദവ മതം വരവേറ്റത്. അതിഥികളുടേയോ ആതിഥേയരുടേയോ ഭാഗത്തുനിന്ന് ബലാല്‍ക്കാരത്തിന്റെയും ഭീഷണിയുടേയും സ്വരം ഒരിക്കല്‍പോലും ഉയര്‍ന്നിട്ടില്ല എന്നതിന് തെളിവാണ്, ഈ മതങ്ങള്‍ തമ്മില്‍ എക്കാലത്തും നിലനിന്നിട്ടുള്ള സൗഹാര്‍ദ്ദാന്തരീക്ഷം. നൂറ്റാണ്ടുകളായി തുടര്‍ന്നുപോരുന്ന ആ മഹിത പാരമ്പര്യത്തെയാണ് രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ ആവര്‍ത്തിച്ച് പ്രശംസിച്ചത്.

ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സ്വോദരത്വേന വാഴുന്ന നാട് സ്വപ്‌നം കണ്ട ശ്രീനാരാണ ഗുരുവിനെപ്പോലുള്ളവര്‍ കടന്നുപോയ വഴികളില്‍, വര്‍ഗീയതയുടെ വിഷവിത്ത് പാകിമുളപ്പിക്കല്‍ എളുപ്പമല്ലെന്ന് സംഘ്പരിവാറിനും അറിയാം. ബി.ജെ.പി ബാന്ധവത്തോടെ പിറന്ന ബി.ഡി.ജെ.എസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ചാപിള്ളയായി മാറിയത് ഇതിന് തെളിവാണ്. കേരളത്തിന്റെ മണ്ണ് ഒരു കാലത്തും വര്‍ഗീയതയോടും തീവ്രവാദത്തോടും സമരസപ്പെട്ടിട്ടില്ല. എല്ലാ മതങ്ങളേയും ഉള്‍കൊള്ളുന്ന, എല്ലാവരും സഹവര്‍ത്തിത്വത്തോടെ കഴിയുന്ന മണ്ണാണ് മലയാളി സ്വപ്‌നം കാണുന്നത്. നൂറ്റാണ്ടുകളായി പുലര്‍ന്നുപോന്നിട്ടുള്ളതാണ് ആ സ്വപനം. ഇനിയും അത് അങ്ങനെ തന്നെ തുടരും. അതിന് ഭംഗം വരുത്താനുള്ള നീക്കങ്ങളെ തിരിച്ചറിയാനും തിരുത്താനും എല്ലാ കാലത്തും കേരളത്തിന് കഴിഞ്ഞിട്ടുണ്ടെന്ന യാഥാര്‍ത്ഥ്യത്തിന് അടവരയിടുന്നതാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകള്‍. ദുഷ്ചിന്തകളുടെ അതിപ്രസരത്തില്‍ കണ്ണും കാതും മനസ്സും ചിതലരിച്ചുപോയവര്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും നാടിന്റെ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന ഓരോ മലയാളിയുടേയും കാതുകളില്‍ പ്രഥമപൗരന്റെ ഈ വാക്കുകള്‍ വേദവാക്യംപോലെ മുഴങ്ങുകതന്നെ ചെയ്യും.

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

Trending